യൂറോയിലെ ആദ്യത്തെ എക്സ്ട്രാ ടൈം; ജയിച്ചു കയറി ഇറ്റലി

Image 3
Uncategorized

ഇത്തവണ യൂറോയിൽ ആദ്യമായി അധികസമയത്തേയ്ക്ക് നീണ്ട മത്സരത്തിൽ ഓസ്ട്രിയയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഇറ്റലിയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. പകരക്കാരായി ഇറങ്ങിയ ഫെഡറിക്കോ കിയേസയും മറ്റിയോ പെസ്സിനയുമാണ് ഇറ്റലിയുടെ ഗോളുകള്‍ നേടിയത്. 90മിനിറ്റിൽ ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.

കരുത്തരായ ഇറ്റലി അനായാസം ജയിക്കുമെന്നായിരുന്നു മത്സരത്തിന് മുന്നേയുള്ള വിലയിരുത്തലുകൾ. എന്നാൽ പൊരുതിക്കളിക്കാൻ ഓസ്ട്രിയ തീരുമാനിച്ചതോടെ കാളിമാറി. പലപ്പോഴും ഇറ്റാലിയൻ ഗോൾകീപ്പർ ഡൊന്നറുമ രക്ഷക്കെത്തേണ്ടി വന്നു അസൂറികൾക്ക് നിശ്ചിതസമയം കടന്നു കിട്ടാൻ.

ഗോളെന്നുറച്ച ഒന്നിലേറെ അവസരങ്ങളിൽ ദൗർഭാഗ്യവും ഇരുടീമുകൾക്കും വില്ലനായി. 32ആം മിനുട്ടിൽ ഇറ്റലിയുടെ ഇമ്മൊബിലെ ബോക്സിന് വെളിയിൽ നിന്നും തൊടുത്ത കിടിലൻ ഷോട്ട് ഗോൾ പോസ്റ്റിന്റെ വലതു മൂലയിൽ ഇടിച്ചാണ് പുറത്തുപോയത്.

രണ്ടാം പകുതിയുടെ 52ആം മിനുട്ടിൽ ഓസ്ട്രിയക്ക് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ അലാബ എടുത്തതും സമാനമായ രീതിയിൽ പുറത്തുപോയി. 64ആം മിനുട്ടിൽ ഓസ്ട്രിയ മുന്നിലെത്തിയെന്ന് ഏവരും ഉറപ്പിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. അർണാടോവിചിന്റെ ഹെഡർ വലയിലെത്തിയപ്പോൾ ആദ്യം റഫറി ഗോൾ വിധിച്ചെങ്കിലും വാർ ഓഫ്‌സൈഡ് വിധിച്ചു. 74ആം മിനുട്ടിൽ ബോക്സിനുള്ളിൽ ഓസ്ട്രിയൻ താരം ലൈനറിനെ വീഴ്ത്തിയതിന് ഉറച്ച പെനാൽറ്റി ഓസ്ട്രിയ ആവശ്യപ്പെട്ടെങ്കിലും ഓഫ്സൈഡ് വിധിച്ചു വാർ വീണ്ടും വില്ലനായി.

എന്നാൽ അധികസമയത്തേക്ക് മത്സരം നീണ്ടതോടെ ഇറ്റലിയുടെ പരിചയസമ്പത്തിന് മുന്നിൽ ഓസ്ട്രിയക്ക് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. പകരക്കാരായി ഇറങ്ങിയ രണ്ട് താരങ്ങൾ ഇറ്റലിക്കായി ലക്ഷ്യം കണ്ടു. 95ാം മിനിറ്റില്‍ കിയേസയും പത്തുമിനിറ്റിനകം പെസ്സിനയും ആണ് ഇറ്റലിക്കായി വലകുലുക്കിയത്. വിട്ടുകൊടുക്കാൻ അപ്പോഴും ഒരുക്കമല്ലാതിരുന്ന ഓസ്ട്രിയക്ക് വേണ്ടി 114ആം മിനുട്ടിൽ സാസ കലാഡ്സിച് ഗോൾ മടക്കി.

ഇറ്റലിയുടെ തുടർച്ചയായ പന്ത്രണ്ടാമത്തെ വിജയമാണിത്. ഇന്നുനടക്കുന്ന പോര്‍ച്ചുഗല്‍ ബെല്‍ജിയം മല്‍സരത്തിലെ വിജയികളുമായാണ് ഇറ്റലിക്ക് ക്വാർട്ടറിൽ ഏറ്റുമുട്ടേണ്ടത്.