മെസിയെ എങ്ങനെ നിങ്ങൾക്ക് കുറ്റപ്പെടുത്താൻ സാധിക്കുന്നു? ഇറ്റാലിയന്‍ ഇതിഹാസം ചോദിക്കുന്നു

Image 3
FeaturedFootball

അന്താരാഷ്ട്ര ടൂർണമെന്റുകളിൽ നിർണായക സമയത്ത് തിളങ്ങാൻ സാധിക്കാത്തതിൽ സ്വന്തം ആരാധകരിൽ നിന്നുതന്നെ നിരന്തരം പഴികൾ കേൾക്കേണ്ടി വന്ന കായികതാരമാണ് അർജന്റീനൻ സൂപ്പർതാരം ലയണൽ മെസി. എന്നാൽ ഇത്തരം ആരോപണങ്ങൾക്കെതിരെ മെസ്സിയെ പിന്താങ്ങിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇറ്റാലിയൻ ഇതിഹാസതാരമായ ഡാനിയേലെ ഡി റോസ്സി. ഇതുവരെ അന്താരാഷ്ട്രതലത്തിൽ ട്രോഫികളൊന്നും നേടിയില്ലെങ്കിലും മെസ്സിക്കെതിരായ ഇത്തരം ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് ഡി റോസിയുടെ വാദം.

കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ആർക്കും മെസ്സിയെ വിമർശിക്കാമെന്നും ആദ്യം സ്വന്തം ഭാര്യയുടെ കയ്യിൽ നിന്നും ടിവിയുടെ റിമോട്ട് വാങ്ങാനുള്ള ധൈര്യമെങ്കിലും ഇവർക്കുണ്ടാവട്ടെ എന്നിട്ട് മതി മെസ്സിയെ വിമര്ശിക്കുന്നതെന്ന് അര്ജന്റീനിയൻ മാധ്യമമായ ലാ നാഷനോട് ഡി റോസ്സി പ്രതികരിച്ചു. റോമയിൽ നിന്നും അര്ജന്റീനിയൻ ലീഗിലേക്ക് ചേക്കേറിയ ഡി റോസ്സി ബൊക്ക ജൂനിയർസിന് വേണ്ടിയാണു കളിക്കുന്നത്.

കോപ്പ അമേരിക്കയിലും വേൾഡ് കപ്പിലും മെസിക്ക് തോൽവിയറിയേണ്ടി വന്നെങ്കിലും മെസ്സിയോട് അര്ജന്റീനിയൻ ആരാധകർ കാണിക്കുന്നത് അനീതിയാണെന്നാണ് ഡി റോസ്സി പ്രതികരിക്കുന്നത്.. കോപ്പ അമേരിക്ക തോൽവിക്കു ശേഷം അർജന്റീനയിൽ സ്ഥാപിച്ച മെസിയുടെ പ്രതിമ ആരാധകർ തകർത്തിരുന്നു. ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന മെസി വിരമിക്കാനുള്ള തീരുമാനത്തിലെത്തിയിരുന്നു.

“മെസി രണ്ടു കോപ്പ അമേരിക്ക ഫൈനലിൽ പെനാൽറ്റിയിൽ തോൽവിയറിഞ്ഞു. ഞാൻ പെനാൽറ്റിയിൽ ഇറ്റലിക്കു വേണ്ടി ലോക ചാമ്പ്യനായി. എന്താണ് വ്യത്യാസമായി തോന്നുന്നത്? ഒരു പക്ഷെ അഞ്ചു സെന്റിമീറ്റർ മാത്രം. അല്ലാതെ വേറൊന്നും ഞങ്ങൾ തമ്മിൽ വ്യത്യാസം എനിക്ക് തോന്നുന്നില്ല. ഡി റോസ്സി  പ്രതികരിച്ചു

മെസ്സിയോട് നിങ്ങൾ ചെയ്യുന്നത് അപരാധമാണെന്നും എത്രയോ പ്രാവശ്യം മെസി ഒറ്റക്ക് അർജന്റീനയെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്നും ഡി റോസ്സി അഭിപ്രായപ്പെട്ടു അർജന്റീനക്ക് വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും എന്തിനാണ് മെസ്സിയെ പഴിക്കുന്നതെന്നും ഇത് മെസ്സിയോട് ചെയ്യുന്ന വലിയ അനീതിയാണെന്നും ഡി റോസ്സി കൂട്ടിച്ചേർത്തു