ബാഴ്സയിലെ മോശം പ്രകടനം, ഗ്രീസ്‌മാനെ വിട്ടുകിട്ടാനായി ശ്രമമരംഭിച്ച് ഇറ്റാലിയൻ വമ്പന്മാർ
നിലവിൽ ബാഴ്സയിൽ മികവ് കണ്ടെത്താനാവാതെ വിഷമിക്കുന്ന സൂപ്പർതാരം ഫ്രഞ്ച് താരം അന്റോയിൻ ഗ്രീസ്മാനാണ്. കൂമാനു കീഴിൽ പുതിയ ഫോർമേഷനിൽ താരത്തിനു മികച്ച രീതിയിൽ കളിക്കാൻ സാധിക്കാതെ വരുന്നതാണ് ഗ്രീസ്‌മാനെ കൂടുതൽ അലോസരപ്പെടുത്തുന്നത്. ബാഴ്സയിൽ മികച്ച പ്രകടനം തുടർന്നില്ലെങ്കിൽ ഫ്രാൻസ് ടീമിൽ ഇടമുണ്ടാവില്ലെന്നു ഗ്രീസ്‌മാനു പരിശീലകൻ ദിദിയർ ദെഷാംപ്സ് മുന്നറിയിപ്പും നൽകിയിരുന്നു.
ഒപ്പം കൂമാൻ താരത്തെ ഉപയോഗിക്കുന്ന രീതിയെയും ദെഷാംപ്സ് വിമർശിച്ചിരുന്നു. ആക്രമണത്തിൽ മധ്യഭാഗത്തു നിന്നും അകന്നുള്ള പൊസിഷനിലാണ് താരത്തെ കളിപ്പിക്കുന്നതെന്നും മധ്യഭാഗത്താണ് ഗ്രീസ്മാൻ കൂടുതൽ തിളങ്ങുകയെന്നും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഗെറ്റാഫെയുമായുള്ള മത്സരത്തിൽ ഗ്രീസ്മാനു ഇഷ്ടപൊസിഷൻ നൽകിയെങ്കിലും തിളങ്ങാൻ സാധിച്ചില്ല. മികച്ച ഒരു ഗോളവസരം പഴക്കുകയും ചെയ്തിരുന്നു.
Juventus and Inter Milan are reportedly monitoring Antoine Griezmann's situation at FC Barcelona.
— KickOff Online (@KickOffMagazine) October 18, 2020
Full story ➡️ https://t.co/QYF0ph4Toq pic.twitter.com/9LIgqRScnU
എന്നാൽ ഗ്രീസ്മാന്റെ പൊസിഷനിലല്ല താരത്തിന്റെ ആത്മവിശ്വാസക്കുറവാണ് മികവ് പുറത്തെടുക്കാൻ സാധിക്കാത്തതെന്ന വിമർശനവുമായി ബാഴ്സ ഇതിഹാസം റിവാൾഡോയും രംഗത്തെത്തിയിരുന്നു. എന്നാൽ ബാഴ്സയിൽ അസന്തുഷ്ടനാണെന്നു മനസിലാക്കി ജനുവരിയിൽ തന്നെ താരത്തിനെ ലോണിൽ കിട്ടാനായി ശ്രമമാരംഭിച്ചിരിക്കുകയാണ് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസും ഇന്റർമിലാനും.
ഇറ്റാലിയൻ മാധ്യമമായ കാൽസിയോ മെർകാറ്റോയാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 9 ഗോളുകൾ നേടിയ താരം ഈ സീസണിൽ നാലു മത്സരങ്ങൾ കളിച്ചെങ്കിലും ബാഴ്സക്കായി ഇതു വരെ ഗോൾവല കുലുക്കിയിട്ടില്ല. ഗ്രീസ്മാന്റെ ബാഴ്സയിലെ സാഹചര്യങ്ങളെ വിലയിരുത്തിക്കൊണ്ട് പിഎസ്‌ജിയും താരത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്.