ശാസ്ത്രിയുടെ പകരക്കാന്‍ ദ്രാവിഡ് തന്നെ, വെളിപ്പെടുത്തി ഇന്ത്യന്‍ താരം

Image 3
CricketTeam India

ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ് എത്തുന്നത് കൃത്യമായി പദ്ധതികളുടെ ഭാഗമായി. ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ കോച്ചായി ശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡിനെ മാറ്റാനുളള നീക്കത്തിന്റ ഭാഗമായാണ് ഈ നീക്കം നടന്നത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ റീതിന്ദര്‍ സോധിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

രവി ശാസ്ത്രിക്കു കീഴിലുള്ള പരിശീലകസംഘം ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലാണുള്ളത്. ഇതേ തുടര്‍ന്നാണ് ദ്രാവിഡിനെ ലങ്കന്‍ ലങ്കയില്‍ പര്യടനം നടത്തുന്ന ടീമിന്റെ താല്‍ക്കാലിക കോച്ചാക്കിയത്. ഒക്ടോബില്‍ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പോടെ ടീമുമായുള്ള ശാസ്ത്രിയുടെ കരാര്‍ അവസാനിക്കുകയാണ്.

‘ഒരുകാര്യം ആദ്യമെ പറയട്ടെ, ഇന്ത്യന്‍ കോച്ചെന്ന നിലവില്‍ മികച്ച പ്രവര്‍ത്തനം രവി ശാസ്ത്രി കാഴ്ചവച്ചിട്ടുണ്ടെന്നത് നമ്മള്‍ അംഗീകരിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ കരാര്‍ അവസാനിക്കാനിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിനെ കോച്ചാക്കിയത് താല്‍ക്കാലികം മാത്രമാണെന്നു കരുതുന്നുണ്ടോ? ഇതു ഫലത്തില്‍ അസാധ്യമാണെന്നു ഞാന്‍ കരുതുന്നു. കോച്ചായി ദ്രാവിഡ് ലങ്കയിലേക്കു പോയിട്ടുണ്ടെങ്കില്‍ അദ്ദേഹം അടുത്ത മുഖ്യ കോച്ച് സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നുണ്ടെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ശാസ്ത്രിക്കു പകരം ഒരാള്‍ക്കു വരാന്‍ കഴിയുമെങ്കില്‍ അതു ദ്രാവിഡായിരിക്കും’ സോധി വ്യക്തമാക്കി.

ലങ്കന്‍ പര്യടനത്തിനുള്ള ടീമിന്റെ താല്‍ക്കാലിക കോച്ചാവാനുള്ള ഓഫര്‍ സ്വീകരിക്കും മുമ്പ് ദ്രാവിഡ് ഇതേക്കുറിച്ച് ചോദിച്ചിരിക്കാം. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) ഡയറക്ടറായി തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹം ഈ ഓഫര്‍ സ്വീകരിക്കില്ലായിരുന്നു. ദ്രാവിഡ് കുടുംബമായി ജീവിക്കുന്നയാളാണ്, അദ്ദേഹത്തിന് അവരോടൊപ്പം ബെംഗളൂരുവില്‍ തന്നെ കഴിയാമായിരുന്നു. പക്ഷെ ദ്രാവിഡ് ഉത്തരവാദിത്വമേറ്റെടുത്തു. ടീമിനൊപ്പം ലങ്കയിലെത്തിയ അദ്ദേഹം ടീം നന്നായി പെര്‍ഫോം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. ശാസ്ത്രിക്കു ഒരു പകരക്കാരന്‍ വരികയാണെങ്കില്‍ മുന്‍നിരയില്‍ ദ്രാവിഡുണ്ടാവും. ഇങ്ങനെയുള്ള ഒരു ഇതിഹാസതാരത്തിനു ഒരിക്കലും താല്‍ക്കാലിക ഓപ്ഷനാവാന്‍ കഴിയില്ലെന്നും സോധി ചൂണ്ടിക്കാട്ടി.

പരിശീലകനെന്ന നിലയില്‍ ഇതിനകം കഴിവ് തെളിയിക്കാന്‍ ദ്രാവിഡിനായിട്ടുണ്ട്. 2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത് ദ്രാവിഡിന്റെ ശിക്ഷണത്തിലായിരുന്നു. ഇന്ത്യന്‍ എ ടീമിനെയും മികച്ച രീതിയില്‍ പരിശീലിപ്പിക്കാന്‍ അദ്ദേഹത്തിനായിരുന്നു. 2019ല്‍ സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തേക്കു വന്നതോടെയാണ് എന്‍സിഎയുടെ ഡയറക്ടറായി ദ്രാവിഡിനെ നിയമിക്കുന്നത്.