ഇന്ത്യന്‍ താരങ്ങള്‍ ഏത് പൊസിഷനിലും ഇനി ബാറ്റ് ചെയ്യണം, വിപ്ലവം വിശദീകരിച്ച് രോഹിത്ത്
വെസ്റ്റിന്‍ഡീസിന് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ഇന്ത്യ നടത്തിയ തികച്ചും അപ്രതീക്ഷിതമായ പരീക്ഷണമായിരുന്നു മധ്യനിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറായി പരീക്ഷിച്ചത്. ആദ്യ രണ്ട് കളിയിലും സൂര്യകുമാര്‍ റണ്‍ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ മൂന്നാമത്തേതില്‍ തകര്‍ത്തടിച്ച് അര്‍ധ ശതകം കണ്ടെത്തി.
മൂന്നാം ട്വന്റി20ക്ക് പിന്നാലെ സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങില്‍ ഇറങ്ങുന്നതിന്റെ ടീം ഫിലോസഫിയെ കുറിച്ച് രോഹിത്ത് വാചാലനായി. ടീം ഇന്ത്യയുടെ പരീക്ഷണത്തില്‍ വമ്പന്‍ എതിര്‍പ്പ് നേരിടുന്നതിനിടേയാണ് രോഹിത്ത് ഇക്കാര്യത്തെ കുറിച്ച് മനസ്സ് തുറന്നത്.
‘എവിടേയും ബാറ്റ് ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രാപ്തിയുണ്ടാവുക എന്നതാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഏതെങ്കിലും പ്രത്യേക പൊസിഷനില്‍ മാത്രമായി ബാറ്റ് ചെയ്യേണ്ടതില്ല. കളിക്കാര്‍ ഫ്ളെക്സിബിളായിരിക്കണം. ചില കളിക്കാരെ പല വിധത്തില്‍ നോക്കിക്കാണാം’ രോഹിത് പറഞ്ഞു.
സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങില്‍ ഇറക്കുന്നതിനെ വിമര്‍ശിച്ച് നേരത്തെ പല താരങ്ങളും രംഗത്തെത്തിയിരുന്നു. സൂര്യകുമാര്‍ എന്ന ക്രിക്കറ്ററെ നശിപ്പിക്കരുത് എന്നാണ് മുന്‍ താരം കെ ശ്രീകാന്ത് പ്രതികരിച്ചത്. എന്തുകൊണ്ടാണ് സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങില്‍ പരീക്ഷിക്കുന്നത് എന്ന് മനസിലാവുന്നില്ലെന്നാണ് മുന്‍ താരം മുഹമ്മദ് കൈഫ് പ്രതികരിച്ചിരുന്നു.
ഇംഗ്ലണ്ടിന് എതിരായ ട്വന്റി20 പരമ്പരയില്‍ റിഷഭ് പന്ത് ആണ് ഓപ്പണറായത്. എന്നാല്‍ വിന്‍ഡിസിലേക്ക് എത്തിയപ്പോള്‍ സൂര്യകുമാര്‍ ഓപ്പണിങ് സ്ഥാനത്തേക്ക് എത്തി. ആദ്യ ട്വന്റി20യില്‍ 24 റണ്‍സും രണ്ടാമത്തേതില്‍ 11 റണ്‍സും എടുത്താണ് സൂര്യകുമാര്‍ മടങ്ങിയത്. എന്നാല്‍ മൂന്നാമത്തേതില്‍ 44 പന്തില്‍ നിന്ന് എട്ട് ഫോറും നാല് സിക്സും പറത്തി 76 റണ്‍സ് എടുത്ത് ഇന്ത്യയുടെ വിജയശില്‍പിയായി.