ഐഎസ്എല്‍ ചാമ്പ്യന്‍ ഇന്ന് തട്ടുകട നടത്തുന്നു, ഇതാണ് ഇന്ത്യന്‍ ഫുട്‌ബോള്‍

ഒരു കാലത്ത് ഐഎസ്എല്ലിന്റെ വെള്ളി വെളിച്ചത്തില്‍ നിറഞ്ഞ് നിന്ന താരമാണ് ബംഗാള്‍ സ്വദേശിയായ ബിശ്വജിത്ത് സാഹ. ആദ്യ സീസണില്‍ കിരീടം നേടിയ അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്കായി ഒരു കളി ഒഴികെ എല്ലാ മത്സരത്തിലും ബൂട്ടുകെട്ടിയ താരം. പ്രതിരോധ നിരയിലെ കുന്തമുന.

എന്നാല്‍ ഇപ്പോള്‍ ജീവിക്കാനുളള നെട്ടോട്ടത്തിലാണ്. സഹോദരനൊപ്പം ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ ബന്ദാല്‍ എന്ന സ്ഥലത്ത് ഫാസ്റ്റ് ഫുഡ് തട്ടുകട നടത്തുകയാണ് ബിശ്വജിത്ത്. കരിയറില്‍ പരിക്ക് വില്ലനായപ്പോള്‍ ഈ മുന്‍ മോഹന്‍ ബഗാന്‍ താരത്തിന് മുന്നില്‍ മറ്റ് വഴികളൊന്നുമില്ലാതെയായി.

2018ല്‍ മുംബൈ സിറ്റിയോടൊപ്പം ചേര്‍ന്നതിന് പിന്നാലെയാണ് ബിശ്വജിത്തിന്റെ കരിയര്‍ തകര്‍ത്ത പരിക്കെത്തിയത്. പ്രീസീസണ്‍ ഒരുക്കത്തിന്റെ ഭാഗമായി സ്‌പെയിനിലെ വലന്‍സിയില്‍ വെച്ചാണ് കളിക്കാര്‍ക്ക് സാദാരണയായി സംഭവിക്കാറുളള കാലിലെ പിന്‍തുട ഞെരമ്പിന് പരിക്കേറ്റത്.

എന്നാല്‍ പിന്നീടൊരിക്കലും ഈ താരത്തിന് ഫുട്‌ബോള്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനായില്ല. ഇതോടെയാണ് ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ ബിശ്വജിത്ത് തട്ടുകട തുടങ്ങേണ്ടി വന്നത്. കൊവിഡ് 19 മൂലം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ച കടയില്‍ നിന്ന് വരുമാനം നിലച്ച് ഏറെ പ്രതിസന്ധി അനുഭവിക്കുകയാണ് ഈ താരമിപ്പോള്‍.

കൊല്‍ക്കത്ത ലീഗില്‍ കളിച്ച് തിരിച്ചുവരവിന് ശ്രമിക്കണം എന്ന് ആഗ്രഹിക്കുന്നതിനിടെയാണ് കോവിഡ് പിടിമുറുക്കിയതും ലീഗുകളെല്ലാം റദ്ദാക്കിയതും. ഇതോടെ ബിശ്വജിത്തിന്റെ തിരിച്ചുവരവും പ്രതിസന്ധിയിലായി. കരിയറില്‍ ഇനി പരിശീലക വേഷമണിയണമെന്നെല്ലാം ബിശ്വജിത്തിന് ആഗ്രഹമുണ്ടെങ്കിലും അതൊന്നും ഇനി നടക്കാന്‍ സാധ്യതയില്ലെന്നാണ് നിരാശനായി താരം പറയുന്നത്.

എടികെയും മുംബൈ സിറ്റി എഫ്‌സിക്കും പുറമെ സാല്‍ഗോക്കര്‍, ഡെംപോ എഫ്‌സി, മോഹന്‍ ബഗാന്‍ എന്നീ ക്ലബുകളുടെയെല്ലാം ഒരു കാലത്തെ വിശ്വസ്ത പ്രതിരോധ മതിലായിരുന്നു ഈ താരം എന്നറിയുമ്പോഴാണ് ബിശ്വജിത്തിന്റെ തകര്‍ച്ചയുടെ ആഴങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്.

You Might Also Like