; )
ഐഎസ്എള്‍ ഫൈവ്‌സ് ടീമുകളെ തിരഞ്ഞെടുത്ത് ഇന്ത്യന്‍ താരം സന്ദേഷ് ജിങ്കനും കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമും. ഇന്ത്യന്‍ താരങ്ങള്‍ മാത്രം അടങ്ങിയ ടീമിനെയാണ് ജിങ്കന്‍ തിരഞ്ഞെടുത്തത്. ഹ്യൂമാകട്ടെ വിദേശികള്‍ മാത്രമുളള ടീമിനെയും തിരഞ്ഞെടുത്തു.
ഇരുടീമുകളിലും ഇരുതാരങ്ങളും ഉള്‍പ്പെടുത്തണം എന്ന നിബന്ധനയിലാണ് ടീം തിരഞ്ഞെടുപ്പ്. ഫുട്‌ബോള്‍ യുണൈറ്റഡ് സ്‌പെഷ്യല്‍ 2020 പരിപാടിക്കിടെയാണ് ഇവര്‍ ടീം തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിലെ സുപ്രധാന താരങ്ങളിലൊരാളായ ജിങ്കന്‍ തിരഞ്ഞെടുത്ത ടീമില്‍ ഗോള്‍ വലക്ക് മുന്‍പില്‍ ദേശിയ ടീം സഹതാരവും, മുംബൈ സിറ്റി എഫ്സി ഗോള്‍ കീപ്പറുമായ അമരീന്ദര്‍ സിങാണ്. പ്രതിരോധത്തില്‍ തന്നോടൊപ്പം, എ ടി കെ താരം പ്രീതം കോട്ടലിനെയും ടീമിലെടുത്ത ജിങ്കന്‍ മധ്യനിരയില്‍ ചെന്നൈയിന് താരം അനിരുദ്ധ് ഥാപ്പയെയും, മുന്നേറ്റനിരയില്‍ ദേശീയ ടീം നായകന്‍ സുനില്‍ ഛേത്രിയെയുമാണ് ഉള്‍പ്പെടുത്തിയത്. തന്നെ ടീമില്‍ ഉള്‍പെടുത്താതിരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ താന്‍ പ്രതിരോധ നിരയില്‍ അനസ് എടത്തൊടികയെ തിരഞ്ഞെടുക്കുമായിരുന്നു എന്നും ജിങ്കന്‍ വ്യക്തമാക്കി.
മറുവശത്ത് വിദേശ താരങ്ങള്‍ മാത്രമുള്ള ഇയാന്‍ ഹ്യൂമിന്റെ ടീമില്‍ ഗോള്‍ വലക്ക് മുന്‍പില്‍ മുന്‍ ചെന്നൈയിന്‍ ഗോള്‍ കീപ്പറായ എടല്‍ ബെറ്റെയാണ്. പ്രതിരോധ നിരയില്‍ ഹ്യൂം തിരഞ്ഞെടുത്തത് തിരിയേയും, മുന്‍ ചെന്നൈയിന്‍ താരമായ സെറീനോയെയുമാണ്. മധ്യനിരയില്‍ മുന്‍ എ ടി കെ താരമായ ബോര്‍ഹയും, മുന്നേറ്റനിരയില്‍ ഹ്യൂമുമാണ് ടീമിലെ ബാക്കി രണ്ട് താരങ്ങള്‍.
ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയാല്‍ പൊടിപാറുന്ന മത്സരം കാണാമെന്നാണ് ഫുട്‌ബോള്‍ ആരാധകര്‍ പറയുന്നത്.