പ്ലാന്‍ തയ്യാര്‍, ഐഎസ്എല്‍ മത്സരങ്ങള്‍ ഇനി കോഴിക്കോടും
ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് ഇനി കോഴിക്കോടും വേദിയാക്കുന്നതില്‍ തത്വത്തില്‍ ധാരണ. മലയാളി ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സെക്കന്റ് ഹോംഗ്രൗണ്ടായിട്ടാണ് കോഴിക്കോട് മാറുക. 2021-22 സീസണ്‍ മുതലാകും കുറച്ച് ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് കോഴിക്കോട് വേദിയാകുക. ബ്ലാസ്‌റ്റേഴ്‌സിന് ഐഎസ്എല്‍ അധികൃതരില്‍ നിന്ന് മലബാറില്‍ മത്സരം സംഘടിപ്പിക്കുന്നതിന് പച്ചക്കൊടി ലഭിച്ചതായാണ് ലഭിക്കുന്ന വിവരം.
13 കോടി ചിലവില്‍ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയം നവീകരിക്കാനുള്ള പദ്ധതി ബ്ലാസ്റ്റേഴ്‌സ് കോഴിക്കോട് മേയര്‍ക്ക് നല്‍കി. നവീകരണത്തിന്റെ ഒരു ചെറിയ വിഹിതം ബ്ലാസ്റ്റേഴ്‌സ് വഹിക്കും. നവീകരണ പദ്ധതിയുടെ എസ്റ്റിമേറ്റ് സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്നും സര്‍ക്കാര്‍ സഹയാം പ്രതീക്ഷിക്കുന്നതായും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു. മേയറുമായി ചര്‍ച്ചക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചു.
പിച്ച്, ഗ്യാലറി, ഫ്‌ളെഡ്‌ലൈറ്റ്, ബ്രോഡ്കാസ്റ്റിംഗ് സംവിധാനങ്ങളെല്ലാം കോഴിക്കോട് സ്‌റ്റേഡിയത്തില്‍ നവീകരിക്കേണ്ടതുണ്ടെന്ന് ബ്ലാസ്‌റ്റേഴ്‌സ് സംഘം വിലയിരുത്തുന്നു. 2021 മെയ്ക്ക് മുമ്പായി ഐഎസ്എല്‍ മാനദണ്ഡങ്ങള്‍ പ്രകാരം സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനാണ് അധികൃതരുമായി ബ്ലാസ്റ്റേഴ്‌സ് ധാരണയുണ്ടാക്കിയിരിക്കുന്നത്.
അതെസമയം സ്റ്റേഡിയം ഇപ്പോള്‍ ഐലീഗ് ക്ലബായ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടായി തുടരും. സ്‌റ്റേഡിയം പങ്കുവെക്കുന്നത് സംബന്ധിച്ച് ഒരു മാര്‍ഗ നിര്‍ദേശവും ഇപ്പോള്‍ ചര്‍ച്ചചെയ്തിട്ടില്ല.