ഐഎസ്എല്‍ മാര്‍ക്കറ്റില്‍ ജിങ്കന് പൊള്ളുന്ന വില, കാരണങ്ങള്‍ ഇതാണ്

Image 3
FootballISL

സന്ദേഷ് ജിങ്കന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് ഫുട്‌ബോള്‍ ലോകത്തെ മുഴുവന്‍ അമ്പരപ്പിച്ച വാര്‍ത്തകളില്‍ ഒന്നായിരുന്നു. ഐഎസ്എല്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞ ഈ വിശ്വസ്ത താരം പെട്ടെന്നൊരു സുപ്രഭാതത്തില്‍ ക്ലബ് വിടുന്നത് അത്രപെട്ടെന്നൊന്നും ഉള്‍കൊള്ളാന്‍ ബ്ലാസ്റ്റേഴ്‌സിനെ സ്‌നേഹിക്കുന്നവര്‍ക്കും കഴിയുമായിരുന്നില്ല.

എന്നാല്‍ സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. മാന്യമായ രീതിയില്‍ ക്ലബും ജിങ്കനും കൈകൊടുത്ത് പിരിഞ്ഞു. ഇനി ജിങ്കന്‍ എങ്ങോട്ടാണെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

ഐഎസ്എല്‍ ഉപേക്ഷിച്ച് വിദേശ ക്ലബില്‍ കളിയ്ക്കാന്‍ ജിങ്കന്‍ ട്രയലിന് പോകുന്നുവെന്നാണ് ഇതുവരെ കേട്ട റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ കൃത്യമായ തെളിവുകളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ കൊറോണ വൈറസിന്റെ പ്രത്യഘാതങ്ങള്‍ ലോകം മുഴുവന്‍ വ്യാപിച്ചിരിക്കെ വിദേശ ലീഗില്‍ അടുത്ത സീസണില്‍ ജിങ്കന് പന്തുതട്ടുക പ്രയാസകരമായിരിക്കും. പല രാജ്യത്തും ലീഗുകള്‍ പാതിവഴിയില്‍ നില്‍ക്കെ വിദേശ ക്ലബില്‍ ജിങ്കന് ചേക്കേറാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല.

ഇതോടെ മറ്റൊരു ഐഎസ്എല്‍ ക്ലബിലേക്ക് ജിങ്കന്‍ ചേക്കേറാനാണ് സാധ്യത. ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 26കാരനായ ജിങ്കനെ സംബന്ധിച്ച് ഏറെ സാധ്യതകളാണ് നിലവില്‍ ഇപ്പോഴുളളത്.

2021-22 സീസണ്‍ മുതല്‍ 3+1 വിദേശ താരങ്ങള്‍ മാത്രമാണ് ഐഎസ്എല്ലിലിലെ ഓരോ ടീമിലും കളിക്കളത്തിലുണ്ടാകുക. ഇതോടെ ജിങ്കനെ പോലുളള ഇന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്ക് വലിയ സാധ്യതയാണ് തുറക്കപ്പെടുന്നത്.

നിലവില്‍ പ്രതിരോധത്തില്‍ രണ്ട് വിദേശതാരങ്ങളെ വെച്ചാണ് ആറോാളം ക്ലബുകള്‍ മത്സരത്തിനിറങ്ങുന്നത്. വിദേശ താരങ്ങളുടെ എണ്ണം വെട്ടികറക്കുമ്പോള്‍ പ്രതിരോധത്തില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ ഐഎസ്എല്‍ ക്ലബുകള്‍ക്ക് ആശ്രയിക്കേണ്ടി വരും എന്നാല്‍ മാത്രമേ മധ്യനിരയിലും മുന്നേറ്റ നിരയിലുമെല്ലാം കൂടുതല്‍ വിദേശ താരങ്ങളെ കളിപ്പിക്കാനാകുക.

ഇതോടെ ജിങ്കനെ പോലൊരു ഇന്ത്യന്‍ പ്രതിരോധ താരം ടീമിലുണ്ടാകുക എന്നത് ഓരോ ക്ലബുകളുടേയും ആവശ്യവും ആയി മാറും. ജിങ്കനെ എന്ത് വിലകൊടുത്തും സ്വന്തമാക്കാന്‍ ഐഎസ്എല്‍ ക്ലബുകള്‍ ഒരുങ്ങന്നതിന് പിന്നിലെ രഹസ്യവുമിതാണ്.