ഐഎസ്എല്ലിന് അടിമുടി മാറ്റം, പുതിയ നിയമങ്ങള്‍ ഇവയാണ്

Image 3
FootballISL

പുതിയ ഐഎസ്എല്ലില്‍ നിരവധി മാറ്റം വരുത്തി അധികൃതര്‍. ഇനി വരുന്ന സീസണുകളിലെ ഒരു മത്സരത്തിനുളള ടീമില്‍ രണ്ട് കൗമാര താരങ്ങളെ ഉള്‍പ്പെടുത്തണമെന്നാണ് പുതിയ തീരുമാനം. ഇന്ത്യന്‍ താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ഈ നിര്‍ണ്ണായക തീരുമാനം ഐഎസ്എല്‍ അധികൃതര്‍ എടുത്തിയിരിക്കുന്നത്.

ജനുവരി ഒന്നിന് ശേഷം ജനിച്ച രണ്ട് ഇന്ത്യന്‍ കളിക്കാരെയാണ് ഇതുമൂലം ഒരു മത്സരത്തിനുളള ടീമില്‍ ഉള്‍പ്പെടുത്തേണ്ടത്. 18 പേരാണ് ഒരു ടീമിന്റെ സ്‌ക്വാഡില്‍ ഒരു മത്സരത്തില്‍ ഉണ്ടാകുക.

അതെസമയം അടുത്ത സീസണില്‍ പരമാവധി 30ഉം കുറവ് 18ഉം ഇന്ത്യന്‍ താരങ്ങളാണ് ഒരു ടീമില്‍ ഉണ്ടാകുക. പരമാവധി ഏഴ് വരെ വിദേശ താരങ്ങളേയും (കുറഞ്ഞത് അഞ്ച്) ടീമില്‍ ഉള്‍പ്പെടുത്താം. വിദേശ താരങ്ങളില്‍ ഒരാള്‍ ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ നിന്നുളള താരവുമായിരിക്കണം. നാല് ഗോള്‍ കീപ്പര്‍മാരേയും ടീമില്‍ ഉള്‍പ്പെടുത്താം.

കൂടാതെ മുഖ്യ പരിശീലകര്‍ക്കെല്ലാം എഎഫ്‌സി പ്രൊ ലൈസന്‍സ് ഉളളവരോ അല്ലെങ്കില്‍ അതിന് തുല്യമായതോ ആയ യോഗ്യതയുളളവരായിരിക്കണം. ഹെഡ് കോച്ചായി വരുന്ന അസിസ്റ്റന്റ് കോച്ചുമാര്‍ക്കും ഈ ലൈസന്‍സ് നിര്‍ബന്ധമാണ്. കൂടാതെ മാര്‍ക്കീ താരങ്ങളുടെ മാനദണ്ഡത്തിലും മാറ്റങ്ങളുണ്ട്. ഒരു മുതിര്‍ന്ന താരത്തേയും (വെറ്റര്‍ന്‍) ഒരു അത്ഭുത താരത്തേയും (പ്രാഡജി) മാര്‍ക്കി താരമായി 2020-21 സീസണ്‍ മുതല്‍ ഐഎസഎല്‍ ടീമുകള്‍ക്ക് സൈന്‍ ചെയ്യാം.

അതെസമയം ഒരോ ടീമിന്റേയും ചെലവാക്കാനുളള പരമാവധി ബഡ്ജറ്റ് ഈ വര്‍ഷവും മാറ്റമില്ല. 16.5 കോടി രൂപയാണ് താരങ്ങള്‍ക്കായി ഒരോ ക്ലബിനും ഈ വര്‍ഷവും ചെലവഴിക്കാനാകുക.