ഞെട്ടിച്ച് മുംബൈ, ഒടുവില്‍ ആ പ്രഖ്യാപനം നടത്തി സിറ്റി ഗ്രൂപ്പ്

സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനവുമായി ഒടുവില്‍ ക്ലബെത്തി. മൊറോക്കന്‍ വംശജനായ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഹ്യൂഗോ ബൗമസിനെ സ്വന്തമാക്കിയതായാണ് മുംബൈ സിറ്റി എഫ്‌സി എല്ലാ ആശങ്കകള്‍ക്കും ഒടുവില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
എഫ് സി ഗോവ താരമായിരുന്ന ബൗമസിനെ റിലീസ് ക്ലോസായ ഒന്നരകോടിയോളം രൂപ നല്‍കിയാണ് മുംബൈ ടീമിലെത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫറില്‍ ഒരു ക്ലബിന് ട്രാന്‍സ്ഫര്‍ തുകയായി ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്. നേരത്തെ ഒരു കോടി രൂപയ്ക്ക് പെട്രോ മാന്‍സിയെ ചെന്നൈ സിറ്റിയില്‍ നിന്ന് ജപ്പാന്‍ ക്ലബായ ആല്‍ബിരക്‌സ് നിഗറ്റ സ്വന്തമാക്കിയ റെക്കോര്‍ഡാണ് പഴങ്കഥയായത്.
അവസാന മൂന്ന് സീസണിലായി എഫ് സി ഗോവയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബൗമസ്. ഐ എസ് എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ബൗമസ് സ്വന്തമാക്കിയത്. ഗോവയെ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാനും അതിലൂടെ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും ബൗമസിനായിരുന്നു.
ഗോവയെ പോലും ഞെട്ടിച്ചാണ് മുംബൈ ബൗമസിനെ സ്വന്തമാക്കിയത്. ലൊബേര മുംബൈയിലേക്ക് ചേക്കേറിയതോടെ ഗോവ കളിക്കാര്‍ക്കുണ്ടായ അതൃപ്തി മുതലെടുത്താണ് ബൗമസി മുംബൈ സിറ്റി എഫ്സി ടീമിലെത്തിച്ചത്.
അവസാന മൂന്ന് സീസണുകളില്‍ ഗോവയ്ക്ക് ഒപ്പമുള്ള താരം 42 മത്സരങ്ങള്‍ ഐ എസ് എല്ലില്‍ കളിച്ചു. ലീഗില്‍ 16 ഗോളുകള്‍ നേടാനും 17 ഗോളുകള്‍ ഒരുക്കാനും ബൗമസിനായിട്ടുണ്ട്. നേരത്തെ ഫാളിനെയും മന്ദര്‍ റാവുവിനെയും അഹ്മദ് ജാഹുവിനെയും ഗോവയില്‍ നിന്ന് മുംബൈ സിറ്റി സ്വന്തമാക്കിയിരുന്നു. മുന്‍ എഫ് സി ഗോവ കോച്ച് ലൊബേരയും ഇപ്പോള്‍ മുംബൈ സിറ്റിയിലാണ് ഉള്ളത്. ലെബേരയെ കഴിഞ്ഞ സീസണിന് ഇടയിലാണ് ഗോവ പുറത്താക്കിയത്.