ഒഫീഷ്യല്‍, ഗോവയ്ക്ക് അടുത്ത തിരിച്ചടി നല്‍കി സിറ്റി ഗ്രൂപ്പ്

Image 3
FootballISL

ഗോവന്‍ നായകനും ഇന്ത്യന്‍ പ്രതിരോധ നിരയിലെ സൂപ്പര്‍ താരവുമായ മന്ദാര്‍ റാവുവിനെ സ്വന്തമാക്കി മുംബൈ സിറ്റി എഫ്‌സി. രണ്ട് വര്‍ഷത്തേക്കാണ് മുംബൈ സിറ്റി എഫ്‌സിയുമായി മന്ദാര്‍ റാവു കരാര്‍ ഒപ്പിട്ടിരിക്കുന്നത്. മന്ദാര്‍ റാവു നേരത്തെ തന്നെ മുംബൈ സിറ്റിയില്‍ കരാറിലെത്തിയെങ്കിലും ഒഫീഷ്യല്‍ പ്രഖ്യാപനം ഇപ്പോഴാണ് പുറത്ത് വരുന്നത്.

ഇതോടെ ആറ് സീസണ്‍ നീണ്ട ഗോവയുമായുളള ബന്ധമാണ് മന്ദാര്‍ റാവു അവസാനിപ്പിച്ചിരിക്കുന്നത്. ഐഎസ്എല്‍ തുടക്കം മുതല്‍ ഗോവയോടൊപ്പം കളിച്ച താരമാണ് 28കാരനായ ഈ ലെഫ്റ്റ് വിംഗ്.

ഗോവയ്ക്കായി ഐഎസ്എല്ലില്‍ 97 മത്സരങ്ങള്‍ റാവു ആറു സീസണുകളില്‍ നിന്നും 6 ഗോളുകളും 11 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ഗോവയ്ക്കായി ഏറ്റവും അധികം ഐഎസ്എല്‍ മത്സരം കളിച്ചിട്ടുളള താരം എന്ന റെക്കോര്‍ഡും മന്ദാര്‍ റാവുവിന്റെ പേരിലാണ്. ഐലീഗില്‍ ബംഗളൂരു എഫ്‌സി, ഡെംപോ ഗോവ തുടങ്ങിയ ക്ലബുകള്‍ക്കായും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഐഎസ്എല്‍ ഏഴാം സീസണില്‍ എഫ്‌സി ഗോവയുടെ നിരവധി താരങ്ങള്‍ ഇതിനോടകം തന്നെ മുംബൈ സിറ്റിയിലെത്തിയിട്ടുണ്ട്. മന്ദാര്‍ റാവുവിന് പുറമെ മുര്‍തദ്ധ ഫാള്‍, ബൗമസ് തുടങ്ങി താരങ്ങളേയും കോച്ച് സെര്‍ജിയോ ലൊബേരയേയും മുംബൈ സ്വന്തമാക്കിയിരുന്നു.