ഇക്കാര്യം ലംഘിച്ചാല്‍ വിലക്ക് വീഴും, കര്‍ശന നടപടികളുമായി ഐഎസ്എല്‍ അധികൃതര്‍

Image 3
Uncategorized

ഐഎസ്എല്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബുകള്‍ക്ക് അനുവദിച്ചിരിക്കുന്ന തുകയേക്കാള്‍ ഏറെ ചിലവഴിച്ചാല്‍ ടീമുകളെ കാത്തിരിക്കുന്നത് കടുത്ത നടപടി. പിഴയോ ട്രാന്‍സ്ഫര്‍ വിലക്കോ, ഐഎസ്എല്‍ ലീഗിലെ പോയന്റ് നഷ്ടമോ ഉള്‍പ്പെടെയുളള ശിക്ഷാനടപടികള്‍ ക്ലബുകള്‍ നേരിടേണ്ടിവരും.

ഐഎസ്എല്‍ ഏഴാം സീസണിലും ആറാം സീസണിന് സമാനമായ തുകയാണ് ചെലവഴിക്കാനാകുക. 16.5 കോടി രൂപയാണ് താരങ്ങള്‍ക്കായി ക്ലബ്ബുകള്‍ക്ക് ചിലവഴിക്കാനുളള പരിധി വെച്ചിരിക്കുന്നത്. ഈ പരിധി ലംഘിച്ചാലാണ് ക്ലബുകള്‍ കടുത്ത നടപടിയ്ക്ക് വിധേയരാകുക.

16.5 കോടിയില്‍ ട്രാന്‍സ്ഫര്‍ ഫീ ഉള്‍പ്പെടില്ലെങ്കിലും ലോണ്‍ ഫീ ഇതില്‍ കണക്കാക്കും. മുന്‍പ് 17.5 കോടി രൂപയായിരുന്നു താരങ്ങള്‍ക്കായി ചിലവാക്കാവുന്ന പ്രതിഫല തുക. ഇതാണ് 16.5 കോടി രൂപയായി ചുരിക്കുകയിരിക്കുന്നത്.

അതെസമയം ഈ പ്രതിഫലപരിധിക്ക് പുറമെ ഒരു മാര്‍ക്കീ താരത്തിനെ സൈന്‍ ചെയ്യാന്‍ ക്ലബ്ബുകള്‍ക്ക് അനുവാദമുണ്ട്. മാര്‍ക്കീ താരത്തിനന്റെ തിരഞ്ഞെടുപ്പിനും പുതിയ മാനദണ്ഡമാണ് ഇപ്രാവശ്യത്തേത്. മാര്‍ക്കി താരം തന്നെ രണ്ട് വിഭാഗത്തിലുണ്ടാകും. മുതിര്‍ന്ന താരവും അത്ഭുത താരവും.

മാര്‍ക്കി താരമായി മുതിര്‍ന്ന താരങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ താഴെപറയുന്ന മൂന്ന് മാനദണ്ഡങ്ങള്‍ക്ക് യോജിച്ച കളിക്കാരനാകണം. ലോകത്തെ ഏറ്റവും മികച്ച അഞ്ച് ലീഗുകളായ ലാലിഗ, സീരി എ, പ്രീമിയര്‍ ലീഗ്, ബുണ്ടസ് ലിഗ, ലിഗാ വണ്‍ എന്നീ ലീഗുകളിലെ ഏതെങ്കിലും ഒരു ക്ലബില്‍ 75 മത്സരമെങ്കിലും ഈ താരം കളിച്ചിരിക്കണം.

മാത്രമല്ല ആ താരം യുവേഫ ചാമ്പ്യന്‍സ് ലീഗിലോ യൂറോപ്പ ലീഗിലോ കളിച്ചിട്ടുളള താരവും ആകണം. കൂടാതെ അന്താരാഷ്ട്ര ഫുട്‌ബോളില്‍ ലോകകപ്പ് ജെഴ്‌സി അണിഞ്ഞ താരവും യൂറോ കപ്പിലോ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പിലോ കളിച്ചിട്ടുളള താരവുമാകണം. ഈ മൂന്ന് മാനദണ്ഡങ്ങളും പാലിച്ചിട്ടുളള താരങ്ങള്‍ക്ക് മാത്രമാണ് ഐഎസ്എല്‍ ക്ലബുകളില്‍ മുതിര്‍ന്ന താരങ്ങളുടെ വിഭാഗത്തില്‍ മാര്‍ക്കീ താരമാകാന്‍ കഴിയു.

അതെസമയം അത്ഭുത താരത്തിന്റെ ക്യാറ്റഗറിയില്‍ മാര്‍ക്കി താരമായി തിരഞ്ഞെടുക്കണമെങ്കില്‍ താഴെ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണം. അഞ്ച് പ്രധാന ലീഗുകളിലേതെങ്കിലും രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുളള 23 വയസ് വരെ പ്രായമുളള താരങ്ങളെയാകും ഈ സ്ഥാനത്തേക്ക് പരിഗണിക്കുക.

കൂടാതെ ഫിഫ റാങ്കിംഗില്‍ 25 റാങ്കിന് താഴെയുളള രാജ്യത്തിന്റെ സീനിയര്‍ ടീമിനായി മൂന്ന് മത്സരങ്ങളെങ്കില്‍ ഈ താരം ബൂട്ടുകെട്ടിയിരിക്കണം. ഈ മത്സരങ്ങള്‍ ഫിഫ ലോകകപ്പോ, ഒളിമ്പിക്‌സോ, ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പോ പോലുലള ടൂര്‍ണമെന്റിലായിരിക്കണമെന്നും നിബന്ധനയുണ്ട്.