നിരവധി പ്രതിസന്ധികള്‍, ആശങ്കള്‍ പങ്കുവെച്ച് ബ്ലാസ്റ്റേഴ്‌സ് കോച്ച്
ഐഎസ്എല്‍ ഏഴാം സീസണിലെ ആദ്യ മത്സരത്തില്‍ കരുത്തരായ എടികെ മോഹന്‍ ബഗാനെ നേരിടാന്‍ വന്‍ മുന്നൊരുക്കമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നടത്തിവരുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒട്ടേറെ പരിമിതികളോട് പടവെട്ടിയാണ് ബ്ലാസ്റ്റേഴ്‌സ് സീസണിന് ഒരുങ്ങുന്നത്.
മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂന ഇക്കാര്യം തുറന്ന് സമ്മതിച്ചു.
‘പ്രീസീസണില്‍ തീരെ സമയം ലഭിച്ചില്ല. ഒരു പുതിയ ടീം എന്ന നിലയില്‍ കൂടുതല്‍ പരിശീലനം ആവശ്യമാണ്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് മാത്രമാണ് ചില താരങ്ങളുടെ ക്വാറഡീന്‍ പൂര്‍ത്തിയായത്. വിദേശ താരങ്ങള്‍ ടീമിനൊപ്പം ചേരാനും വൈകി’ വികൂന പറയുന്നു.
‘ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് ശാരീരികവും തന്ത്രപരവുമായ ടീമായി മാറാന്‍ സമയം ആവശ്യമുണ്ട്. ഇന്നത്തേക്കാള്‍ വരും നാളുകളില്‍ ഈ ടീം മികച്ചതായി മാറും എന്നെനിക്കുറപ്പുണ്ട്. ഈ ടീമില്‍ എനിക്ക് വിശ്വാസവുമുണ്ട്’ വികൂന കൂട്ടിചേര്‍ത്തു.
മോഹന്‍ ബഗാന്‍ എന്ന ക്ലബ് തനിക്ക് സന്തോഷം നല്‍കിയിട്ടുള്ള ക്ലബ് ആണെന്നും അവിടെ നല്ല ഓര്‍മ്മകള്‍ ആണ് ഉള്ളത് എന്നും വികൂന പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തന്റെ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് ആണ്. നാളെ ലക്ഷ്യം കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റവും മികച്ച ഫലം നേടിക്കൊടുക്കുക എന്നതുമാണ്. കിബു പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സില്‍ തനിക്ക് നല്ല വരവേല്‍പ്പാണ് ലഭിച്ചത്. ഈ ക്ലബ് തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും വലിയ സ്നേഹം നല്‍കുന്നു. കിബു പറഞ്ഞു. തനിക്ക് ആകുന്ന ഏറ്റവും മികച്ചത് താന്‍ ക്ലബിനായി നല്‍കും എന്ന് വികൂന പറഞ്ഞു. നല്ല ഫുട്ബോള്‍ കളിച്ചു കൊണ്ട് നല്ല ഫലം ഉണ്ടാക്കുക ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം. എടികെയ്ക്കെതിരെ ഉളളത് ആദ്യ മത്സരം മാത്രമാണ്. അത് ആദ്യത്തെ ചുവട് പോലെ കണ്ടാല്‍ മതി എന്നും വികൂന പറഞ്ഞു.