മലയാളി സൂപ്പര്‍ താരങ്ങള്‍ക്ക് പുതുജീവന്‍, അനസടക്കം 3 താരങ്ങള്‍ കൊല്‍ക്കത്തയിലേക്ക്

Image 3
FootballISL

ഐഎസ്എല്ലില്‍ 11ാം ടീമായി ഈസ്റ്റ് ബംഗാള്‍ വരുമെന്ന ഏറെകുറെ ഉറപ്പായിരിക്കെ ആശ്വാസമാകുക മലയാളി താരങ്ങള്‍ക്ക്. ഐസ്എല്ലില്‍ തിളങ്ങിയ മലയാളി സൂപ്പര്‍ താരങ്ങളായ സികെ വിനീത്, റിനോ ആന്റോ എന്നിവര്‍ നേരത്തെ ഈസ്റ്റ് ബംഗാളിലേക്ക് പോകാന്‍ ധാരണയിലെത്തിയിരുന്നു.

എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം തുലാസ്സിലായതോടെ ഇവരുടെ കരിയര്‍ കൂടിയാണ് തുലാസ്സിലായത്. ജംഷഡ്പൂരില്‍ നിന്ന് പോന്ന വിനീതും ബംഗളൂരുവില്‍ നിന്ന് റിനോ ആന്റോയും ഇതോടെ പുതിയ ക്ലബിനായുളള അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് താരങ്ങള്‍ക്ക് ആശ്വാസമായി ഈസ്റ്റ് ബംഗാള്‍ ഐഎസ്എല്ലിലേക്ക് വരുന്നത്.

അതെസമയം മറ്റൊരു മലയാളി താരം അനസ് എടത്തൊടികയെ സ്വന്തമാക്കാനുളള ശ്രമവും ഈസ്റ്റ് ബംഗാള്‍ ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇരുകക്ഷികളും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഈസ്റ്റ് ബംഗാള്‍ പ്രതിസന്ധിയിലായതോടെ ചര്‍ച്ചകളെല്ലാം മുടങ്ങിയിരുന്നു.

അനസിനെ കൂടാതെ സന്ദേഷ് ജിങ്കനും വലിയ ഓഫറാണ് ഈസ്റ്റ് ബംഗാള്‍ നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷം 1.8 കോടി രൂപയാണ് ഈസ്റ്റ് ബംഗാള്‍ സന്ദേഷ് ജിങ്കന് വാഗ്ദാനം ചെയ്യുന്നത്. ജിങ്കന്‍ കൂടി എത്തുകയാണെങ്കില്‍ ഈസ്റ്റ് ബംഗാള്‍ പ്രതിരോധ നിരയില്‍ അനസ്-ജിങ്കന്‍ കോംമ്പോയായിരിക്കും കളി നിയന്ത്രിക്കുക.

പുതിയ ഇന്‍വെസ്റ്ററായ ശ്രീ സിമന്റ് എത്തിയതോടെയാണ് ഐഎസ്എല്ലിലേക്കുളള പ്രവേശനം ഈസ്റ്റ് ബംഗാളിന് എളുപ്പമായത്. ഇതോടെ ടീം കെട്ടിപ്പടുത്തനുളള നെട്ടോട്ടത്തിലാണ് കൊല്‍ക്കത്തന്‍ വമ്പന്‍മാര്‍.