ഐഎസ്എല്‍ ഒറ്റവേദിയില്‍, പരിഗണിക്കുന്നത് കൊച്ചി ഉള്‍പ്പെടെ നാല് സ്ഥലങ്ങള്‍

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നടക്കുക ഒറ്റ വേദിയിലെന്ന് റിപ്പോര്‍ട്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കായിക മാധ്യമമായ ദി ബ്രിഡ്ജ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊച്ചി, കൊല്‍ക്കത്ത, ഗോവ, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ ഏതെങ്കിലും ഒരു സ്‌റ്റേഡിയത്തിലാകും ഐഎസ്എല്‍ ഏഴാം സീസണ്‍ നടക്കുക. ആളൊഴിഞ്ഞ സ്റ്റേഡിയത്തിലാകും ടൂര്‍ണമെന്റ് നടക്കുക എന്നതും ഏകദേശം ഉറപ്പായിട്ടുണ്ട്.

ഈ വര്‍ഷം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുളള സമയത്താണ് ഐഎസ്എല്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്. നവംബര്‍ 22ന് ഐഎസ്എല്‍ ആരംഭിച്ചേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

അഞ്ച് വിദേശ താരങ്ങള്‍ കളിക്കുന്ന അവസാന ഐഎസ്എല്‍ സീസണായിരിക്കും ഇത്. അടുത്ത സീസണ്‍ മുതല്‍ ഒരു ഏഷ്യന്‍ താരം ഉള്‍പ്പെടെ നാല് വിദേശ താരങ്ങള്‍ക്കെ ഒരു ടീമില്‍ ഒരേ സമയം കളിക്കാനാകു. ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ പരിഗണന ലഭുക്കുന്നതിന് വേണ്ടിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.

ഇതോടെ ഐഎസ്എല്‍ ടീമുകളുടെ സ്‌ക്വാഡില്‍ വിദേശ താരങ്ങളുടെ എണ്ണവും പരിമിതപ്പെടും. ഒരു ഏഷ്യന്‍ താരം ഉള്‍പ്പെടെ ആറ് താരങ്ങളെ മാത്രമാണ് സ്‌ക്വാഡില്‍ ഉല്‍പ്പെടുത്താനാകു. നിലവില്‍ ഏഴ് വിദേശ താരങ്ങളെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താനും അഞ്ച് പേരെ കളിപ്പിക്കാനും അനുവാദമുണ്ട്. ഇതാണ് വെട്ടിക്കുറക്കുന്നത്.

You Might Also Like