ഐഎസ്എല്‍ ഇനിയും നീണ്ടേക്കും, വേദി കേരളം തന്നെയെന്ന് സൂചന

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണ്‍ കേരളത്തില്‍ വെച്ച് നടത്താനുളള സാധ്യതയേറുന്നു. കൊച്ചിയ്ക്ക് പുറമെ കോഴിക്കോടും മഞ്ചേരിയിലും വെച്ചാകും ഐഎസ്എള്‍ മത്സരങ്ങള്‍ നടത്തുക. ഇതിനുളള സാധ്യതയാണ് ഐഎസ്എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് ആരായുന്നത്.

അതെസമയം ഐഎസ്എല്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്നും ഇനിയും നീളാനുളള സാധ്യതയാണ് കാണുന്നത്. നവംബറില്‍ കളി തുടങ്ങണമെങ്കില്‍ ഒക്ടോാബറില്‍ പ്ലാനിംഗ് മുഴുവന്‍ പൂര്‍ത്തിയാകണം. സെപ്റ്റംബറില്‍ കോവിഡ് വ്യാപനം ഉന്നതിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനാല്‍ നവംബറില്‍ സീസണ്‍ തുടങ്ങാനാകുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റിട്ടുണ്ട്.

താരങ്ങളുടെ ക്വാറന്റീനും പരിശീലനവും തന്നെ ഒരുമാസത്തെ കാലയളവ് ആവശ്യമായ പ്രക്രിയയാണ്. കൂടാതെ സാമ്പത്തികവും കളിക്കാരുടെ സുരക്ഷിതത്വവും ലീഗ് നടത്തിപ്പ് വെല്ലുവിളി സൃഷ്ടിക്കുന്നു.

നേരത്തെ കേരളത്തിന് പുറമെ ഐഎസ്എല്ലിനായി ഗോവയേയും പരിഗണിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഗോവയ്ക്കായിരുന്നു സാധ്യത കല്‍പിച്ചിരുന്നതെങ്കിലും അവിടുത്തെ സര്‍ക്കാര്‍ ഇതിനായി അനുമതി നല്‍കിയിട്ടില്ലത്രെ. ഇതാണ് കേരളത്തെ പരിഗണിക്കാന്‍ കാരണം.

കൊച്ചിയ്ക്ക് പുറമെ കോഴിക്കോടും മഞ്ചേരിയും ഐഎസ്എള്‍ സ്റ്റാന്‍ഡേഡിലേക്ക് പുതുക്കി പണിയേണ്ടതുണ്ട്. ടീമുകള്‍ക്ക് താമസിക്കാനുളള താമസ സൗകര്യങ്ങള്‍ കൂടി മഞ്ചേരിയില്‍ ഒരുക്കേണ്ടി വരും എന്ന വെല്ലുവിളിയും സംഘാടര്‍ക്കുണ്ട്.