ഐഎസ്എല്‍, കൊച്ചിയ്ക്ക് പുറമെ തൃശൂരും കോഴിക്കോടും വേദിയാകും

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിലെ പ്രധാന മത്സരങ്ങളെല്ലാം കേരളം കേന്ദ്രീകരിച്ച് നടത്താന്‍ സാധ്യത. കൊച്ചിക്കൊപ്പം വേദിയാകാന്‍ തൃശൂരിനേയും കോഴിക്കോടിനേയുമാണ് പരിഗണിക്കുന്നത്. തൃശൂരിലും കോഴിക്കോട്ടും പരിശീലന മൈതാനങ്ങളുടെ സ്ഥിതി സംഘാടകര്‍ പരിശോധിക്കും.

അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ നവംബര്‍ 22 മുതല്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ആലോചന. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ കോവിഡ് സ്ഥിതി അടുത്ത മാസം ഐഎസ്എല്‍ സംഘാടകരും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും വിലയിരുത്തും. ടീമുകളുടെ യാത്ര, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി, പരിശീലന മൈതാനങ്ങളുടെയും സ്റ്റേഡിയങ്ങളുടെയും സുരക്ഷ തുടങ്ങിയവയെല്ലാം പരിഗണിച്ചാവും അന്തിമ തീരുമാനം.

കേരളത്തിന് പുറമെ കൊല്‍ക്കത്ത, ഗോവ, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളിലെ സ്ഥിതിയും വിലയിരുത്തിയ ശേഷമാവും അന്തിമ തീരുമാനം.

നവംബര്‍ 22നു സീസണ്‍ ആരംഭിക്കണമെങ്കില്‍ പരിശീലകരും വിദേശതാരങ്ങളും ഒക്ടോബര്‍ ആദ്യവാരമെങ്കിലും ഇന്ത്യയില്‍ എത്തി ക്വാറന്റീനില്‍ പ്രവേശിക്കേണ്ടിവരും. അതിനു മുന്‍പുതന്നെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി നേടണം. 2 സംസ്ഥാനങ്ങളിലായി ലീഗ് നടത്തണമെങ്കില്‍ ഒരേ സമയം 5 ടീമുകള്‍ക്കുവരെ ഒരേ നഗരത്തിലോ സമീപ നഗരങ്ങളിലോ താമസസൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. പരിശീലന മൈതാനങ്ങളും സജ്ജമാക്കണം.

മാച്ച് ഒഫിഷ്യലുകള്‍ക്കും ടിവി സംപ്രേഷണ ചുമതലയുള്ള സ്റ്റാര്‍ ടിവി സംഘത്തിനും നക്ഷത്ര സൗകര്യമുള്ള താമസം ഏര്‍പ്പാടാക്കണം. ഇതിനെല്ലാമുള്ള ശ്രമങ്ങള്‍ ആരംഭിക്കുംമുന്‍പ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ആവശ്യമാണ്