സര്‍പ്രൈസ്! മറ്റൊരു മലയാളി താരത്തെ കൂടി സ്വന്തമാക്കി ബ്ലാസ്‌റ്റേഴ്‌സ്

Image 3
FootballISL

മുംബൈയില്‍ താമസിക്കുന്ന മലയാളി പ്രതിരോധ താരം ഉമേഷ് പേരാമ്പ്രയെ ടീമില്‍ ഉള്‍പ്പെടുത്തി ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുന്‍ മുംബൈ എഫ്‌സി താരം റിതേഷ് പേരാമ്പ്രയുടെ സഹോദരനാണ് 23കാരനായ ഉമേഷ് പേരാമ്പ്ര. മുംബൈ താക്കൂര്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഈ സെന്‍ട്രല്‍ ബാക്ക് റിലൈന്‍സ് ഫുട്‌ബോള്‍ യൂത്ത് സ്‌പോട്‌സ് നടത്തിയ ഇന്റര്‍ കോളേജ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തിയാണ് ശ്രദ്ധേയനായത്.

2017ല്‍ എഎഫ്‌സി അണ്ടര്‍ 22 യോഗ്യത മത്സരങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ പരിശീലകനായിരുന്ന സ്റ്റീഫണ്‍ കോണ്‍സ്റ്റന്റയ്ന്‍ നടത്തിയ ക്യാമ്പിലേക്ക് ഉമേഷ് പേരാമ്പ്ര തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ മുംബൈ എഫ്‌സിയ്ക്കായും ഉമേഷ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ റിസേര്‍വ് ടീമിലും ഉമേഷ് സ്ഥാനം പിടിച്ചിരുന്നു. ഐലീഗ് സെക്കന്റ് ഡിവിഷനില്‍ ഓസോണ്‍ എഫ്‌സിക്കായും ഉമേഷ് കളിച്ചിട്ടുണ്ട്.

ഉമേഷിനെ കൂടാതെ നിരവധി യുവതാരങ്ങളെ ഇതിനോടകം തന്നെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം നിരയിലെത്തിച്ചിട്ടുണ്ട്. യുവതാരങ്ങള്‍ക്ക് ദീര്‍ഘകാല കരാര്‍ നല്‍കുന്ന ബ്ലാസ്‌റ്റേഴ്‌സ് ഭാവിയിലേക്ക് കൂടി ഉറ്റുനോക്കിയാണ് ഈ സീസണില്‍ ടീമിനെ ഒരുക്കുന്നത്.