ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു മികച്ച താരം കൂടി, ജെസ്സലിന് പകരക്കാരനായി

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു പ്രതിരോധ താരം കൂടിയെത്തുന്നു. ഐലീഗ് ക്ലബ് ട്രായു എഫ്‌സിക്കായി കളിക്കുന്ന 26കാരന്‍ ധനചന്ദ്ര മെയ്തേയ് ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. മണിപ്പൂര്‍ സ്വദേശിയായ മെയ്തേയ് ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിക്കുന്ന താരമാണ്. നാല് വര്‍ഷം വരെ നീട്ടാവുന്ന കരാറിലാണ് ബ്ലാസ്റ്റേഴ്‌സുമായി മെയ്‌തേയ് ഒപ്പിട്ടിരിക്കുന്നത്.

‘കേരള ബ്ലാസ്റ്റേഴ്സ് മെയ്‌തേയുടെ സൈനിങ് നടത്തിക്കഴിഞ്ഞു. കരാര്‍ പ്രകാരം ആദ്യ വര്‍ഷം 15 ലക്ഷമാണ് അദ്ദേഹത്തിന് ലഭിക്കുക, എന്നാല്‍ മികച്ച പ്രകടനം നടത്തിയാല്‍ ക്ലബ് 3 വര്‍ഷത്തേക്ക് കരാര്‍ പുതുക്കാന്‍ തയ്യാറാകും എന്ന വ്യവസ്ഥയും കരാറിലുണ്ട്. കരാര്‍ പുതുക്കാന്‍ ക്ലബ് തയ്യാറായാല്‍ വേതനത്തില്‍ ഓരോ വര്‍ഷവും 5 ലക്ഷം വീതം വര്‍ദ്ധനവുമുണ്ടാകും’ പേര് വെളിപ്പെടുത്താത്ത ഏജന്റിനെ ഉദ്ദരിച്ച് ഖേല്‍ നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണില്‍ ട്രായുവിനായി 12 മത്സരം കളിച്ച താരം പൂണെ എഫ്‌സി, ഓസോണ്‍ എഫ്‌സി, നെറോക്ക എഫ്‌സി ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങിയ ക്ലബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്. ചര്‍ച്ചില്‍ ബ്രദേഴ്‌സിനായി മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് മെയ്‌തേയുടെ കരിയറിന് വഴിത്തിരിവായത്. മുന്‍പ് ഇന്ത്യ അണ്ടര്‍ 23 സ്‌ക്വാഡില്‍ ഇടംപിടിച്ചിട്ടുളള താരമാണ് മെയ്‌തേയ്.

ട്രായുവില്‍ അദ്ദേഹത്തിന്റ സഹതാരമായിരുന്ന സന്ദീപ് സിങ്ങിനെയും ബ്ലാസ്റ്റേഴ്സ് മുന്‍പ് സ്വന്തമാക്കിയിരുന്നു. നിലവില്‍ ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ ജെസ്സെലിന് വെല്ലുവിളി ഉയര്‍ത്താന്‍ പറ്റിയ താരം ടീമിലില്ല. അതുകൊണ്ട് തന്നെ ജെസലിന് റിസര്‍വ്വ് ആയിട്ടായിരിക്കും മെയ്തേയിക്ക് കളിക്കാന്‍ അവസരം ലഭിക്കുക.

പ്രൊഫഷണല്‍ കരിയര്‍ തുടങ്ങുന്നതിനു മുന്‍പ് മോഹന്‍ ബഗാന്‍ സെയില്‍ അക്കാദമി, സമ്പല്‍പൂര്‍ ഫുട്‌ബോള്‍ അക്കാദമി, പെനിന്‍സുല പൂനെ ഫ് സി അക്കാദമി തുടങ്ങിയവയ്ക്ക് വേണ്ടിയും മെയ്‌തേയ് കളിച്ചിട്ടുണ്ട്.