ബ്ലാസ്‌റ്റേഴ്‌സ് കീഴടക്കി കിബുവിന്റെ ശിഷ്യന്മാര്‍, ഷറ്റോരിയുടെ പിള്ളേര്‍ക്ക് ദയാവധം

ഐഎസ്എല്‍ പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്‌സ് തലമാറിയപ്പോള്‍ അത് ഉണ്ടാക്കുക ദൂരവ്യാപക പ്രത്യാഘാതം. ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരിയ്ക്ക് പകരമെത്തിയ കിബു വികൂനയാണ് ഇനി ടീമില്‍ ആരെല്ലാം വേണമെന്നും വേണ്ടെന്നും തീരുമാനിയ്ക്കുക. കൂടാതെ കിബുവിന്റെ നിരവധി ശിഷ്യന്മാര്‍ ഇതിനോടകം തന്നെ ബ്ലാസ്‌റ്റേഴ്‌സിലേക്ക് കുടിയേറുമെന്നും അഭ്യൂഹമുണ്ട്.

ഐ ലീഗില്‍ മോഹന്‍ബഗാനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ കിബുവിന് തുണയായ വിദേശതാരങ്ങളില്‍ മൂന്നുപേര്‍ ബ്ലാസ്റ്റേഴ്‌സിലേക്കെത്തുമെന്ന സൂചന ശക്തമാണ്. സ്പാനിഷ് മുന്നേറ്റനിരക്കാരന്‍ ജോസെബെ ബെയ്റ്റിയ, മധ്യനിരക്കാരന്‍ ഫ്രാന്‍ ഗോണ്‍സാലസ്, കാമറൂണ്‍ സ്‌ട്രൈക്കര്‍ ബാബ ദിയാവാര എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.

എല്‍കോ ഷട്ടോറി പുറത്തായതോടെ ടീമിലെ വിദേശതാരങ്ങളുടെ കാര്യത്തില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. നൈജീരിയന്‍ താരവും ടീം നായകനുമായ ബര്‍ത്തലോമ്യു ഒഗ്‌ബെച്ച, സ്പാനിഷ് താരം സെര്‍ജി സിഡോഞ്ച എന്നിവരുമായി ടീമിന് ഒരു വര്‍ഷംകൂടി കരാറുണ്ട്. ഇരുവരും ടീമില്‍ തുടര്‍ന്നേക്കും.

കഴിഞ്ഞ സീസണില്‍ നന്നായി കളിച്ച കാമറൂണ്‍ താരം റാഫേല്‍ മെസ്സിയുടെ ഭാവി പുതിയ പരിശീലകന്‍ കിബുവിന്റെ കൈയിലാണ്. മറ്റുള്ളവര്‍ ടീമില്‍ തുടരാന്‍ സാധ്യതയില്ല. ജംഷേദ്പുര്‍ എഫ്.സി.യില്‍ നിന്ന് പ്രതിരോധനിരക്കാരന്‍ തിറി വരുമെന്നും വാര്‍ത്തയുണ്ട്.

You Might Also Like