ജിങ്കനെ ത്രിശങ്കുവിലാഴ്ത്തി വിദേശ ക്ലബിന്റെ ഓഫര്‍, അന്തിമ തീരുമാനം പ്രഖ്യാപിക്കാത്തതിന് പിന്നിലെ കാരണം

Image 3
FootballISL

ഐഎസ്എല്ലില്‍ വന്‍ തുകയ്ക്ക് എടികെ മോഹന്‍ ബഗാനിലേക്ക് പോകുമെന്ന് കരുതുന്ന സന്ദേഷ ജിങ്കന്‍ ഇപ്പോഴും അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ലെന്ന് സൂചന. ജിങ്കനെ തേടി ഒരു വിദേശ ക്ലബിന്റെ ഓഫറുള്ളത് കൊണ്ടാണ് എങ്ങോട്ട് പോകണമെന്ന കാര്യത്തില്‍ ജിങ്കന്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കാത്തത്.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അറേബ്യന്‍ ക്ലബാണത്രെ ജിങ്കനെ ഏതുവിധേനയും തങ്ങളുടെ നിരയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ജിങ്കന് ഇതുവരെ അന്തിമമായ തീരുമാനം ഒന്നും എടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

പ്രതിവര്‍ഷം 1.66 കോടി രൂപയാണ് ജിങ്കന് എടികെ മോഹന്‍ ബഗാന്‍ ടീം വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ അഞ്ചോളം ഐഎസ്എല്‍ ക്ലബുകളാണ് ജിങ്കനായി മത്സര രംഗത്തുണ്ടായത്. എന്നാല്‍ വിദേശത്തേക്ക് പോകാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതാരം ഇപ്പോള്‍ ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടിരിക്കുകയാണത്രെ.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് മൂന്ന് മാസം മുമ്പ് ക്ലബ് വിട്ടത്. 26കാരനായ ജിങ്കന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.

ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.