ജിങ്കന്റെ കൂറുമാറ്റം, ബ്ലാസ്‌റ്റേഴ്‌സ് കലിപ്പിലാണ്, ഇക്കാര്യം തിരുത്തണമെന്ന് മുറവിളി

Image 3
FootballISL

സന്ദേഷ് ജിങ്കനെ എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധക ഗ്രൂപ്പുകളില്‍ ചൂടുളള ചര്‍ച്ചകളാണ് നടക്കുന്നത്. വിദേശ ക്ലബിലേക്ക് ചേക്കേറുമെന്ന് പറഞ്ഞ് പരസ്പര സമ്മതത്തോടെ കരാര്‍ റദ്ദാക്കിയ ജിങ്കന്‍ തങ്ങളുടെ ബദ്ധവൈരികളായ എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ഇതോടെ ജിങ്കന്‍ ക്ലബ് വിട്ട സമയത്ത് ബ്ലാസ്‌റ്റേഴ്‌സിലെ അദ്ദേഹത്തിന്റെ ജഴ്‌സി നമ്പറായ 21 പിന്‍വലിച്ചത് റദ്ദാക്കണമെന്നാണ് ആരാധകരുടെ മുറവിളി ഉയരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നൂറ് കണക്കിന് ആരാധകരാണ് ജിങ്കന്റെ ജഴ്‌സി നമ്പര്‍ പിന്‍വലിച്ച നടപടി ക്ലബ് മാനേജുമെന്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

എന്നാല്‍ ഇക്കര്യത്തില്‍ ക്ലബ് മാനേജുമെന്റ് ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ബ്ലാസ്റ്റേഴ്‌സ് ഇതിഹാസം എന്ന നിലയില്‍ പരിഗണിച്ചാണ് ജിങ്കന്റെ ജഴ്‌സി വിരമിച്ചതായി ക്ലബ് പ്രഖ്യാപിച്ചത്. ഇതാണ് മാനേജുമെന്റിന് തന്നെ തലവേദനയായിരിക്കുന്നത്.

ശനിയാഴ്ച്ച മൂന്ന് മണിക്കാണ് ജിങ്കന്‍ എടികെ മോഹന്‍ ബഗാനുമായി കരാര്‍ ഒപ്പ് വെച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം എന്ന നേട്ടം ജിങ്കന്‍ സ്വന്തമാക്കി. ഉദ്ദേശം രണ്ട് കോടിയോളം രൂപയാണ് ജിങ്കന്‍ പ്രതിഫലമായി വാങ്ങുന്നത്. അഞ്ച് വര്‍ഷത്തേക്കാണ് എടികെയുമായുളള കരാറില്‍ ജിങ്കന്‍ ഒപ്പുവെച്ചിരിക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട താരത്തെ നേരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബുകള്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നിരുന്നു. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാതെ നിന്ന ജിങ്കന്‍ ഒടുവില്‍ വിദേശത്തേക്ക് ചേക്കേറാനുളള മോഹം ഉപേക്ഷിച്ച് രാവിലെ എടികെ മോഹന്‍ ബഗാനുമായുളള കരാറില്‍ ഒപ്പുവെക്കുകയായിരുന്നു.

എടികെ മോഹന്‍ ബഗാനെ കൂടാതെ ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്‌സി, എഫ്‌സി ഗോവ തുടങ്ങിയ ക്ലബുകളും വന്‍ ഓഫറുമായി ജിങ്കന് പിന്നിലുണ്ടായിരുന്നു. ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനല്ലാതെ വേറൊരു ക്ലബിനായും ഇതുവരെ കളിക്കാത്ത താരമാണ് ജിങ്കന്‍. കഴിഞ്ഞ സീസണ്‍ മുഴുവന്‍ പരിക്ക് കാരണം നഷ്ടപ്പെട്ട ജിങ്കന്‍ ഇപ്പോള്‍ പരിക്ക് മാറി പൂര്‍ണ്ണ ആരോഗ്യവാനായി തിരികെയെത്തി.

നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.