എല്‍ക്കോ ഐഎസ്എല്ലിലേക്ക് തിരിച്ചുവരുന്നു, ഈ ക്ലബിന്റെ പരിശീലകനായേക്കും

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ എല്‍ക്കോ ഷറ്റോരി തന്റെ മുന്‍ ക്ലബായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക് തിരികെ പോകാനുളള സാധ്യത തെളിയുന്നു. എല്‍ക്കോയെ പരിശീലന സ്ഥാനത്തേക്ക് തിരികെ കൊണ്ട് വരണമെന്ന് നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് തന്നെ ആവശ്യമുയരുന്നുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍.

നോര്‍ത്ത് ഈസ്റ്റിന്റെ റിസര്‍വ് ടീമുകളുടെ പരിശീലകരാണ് ഷറ്റോരിയെ പരിശീലകനായി തിരിച്ച് കൊണ്ട് വരണമെന്ന് കൂട്ടായി ആവശ്യപ്പെട്ടിരിക്കുന്നതത്രെ. എന്നാല്‍ ക്ലബ് മാനേജുമെന്റ് ഇക്കാര്യത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല.

ഐഎസ്എല്‍ ചരിത്രത്തിലാദ്യമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേഓഫിലെത്തിച്ച പരിശീലകനാണ് എല്‍ക്കോ ഷറ്റോരി. ഐഎസ്എല്‍ അഞ്ചാം സീസണിലായിരുന്നു എല്‍ക്കോ നോര്‍ത്ത് ഈസ്റ്റിനെ പരിശീലിപ്പിച്ചത്. ഓഗ്‌ബെചെ അടക്കമുളള താരങ്ങളെ ഐഎസ്എല്ലില്‍ എത്തിച്ചതും ഷറ്റോരിയുടെ മിടുക്കായിരുന്നു. പിന്നീടാണ് ഷറ്റോരി ബ്ലാസ്‌റ്റേഴ്‌സിലേക്ക് ചേക്കേറിയത്.

നേരത്തെ ഐഎസ്എല്ലിലെ ചാമ്പ്യന്‍ കോച്ചുമാരില്‍ ഒരാളായ മുന്‍ ഇംഗ്ലീഷ് പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ സ്വന്തമാക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നീക്കങ്ങള്‍ നടത്തിയിരുന്നു. രണ്ടു വര്‍ഷത്തിലേറെ ചെന്നൈയിന്‍ എഫ്‌സിയെ പരിശീലിപ്പിച്ച ഗ്രിഗറി കഴിഞ്ഞ സീസണ്‍ പകുതിയോടെയായിരുന്നു ക്ലബ്ബില്‍ നിന്നും പുറത്താക്കപ്പെട്ടത്.

ചെന്നെയിനായി ഒരു ഐഎസ്എല്‍ കിരീടവും ഗ്രിഗറി സമ്മാനിച്ചിരുന്നു. എന്നാല്‍ പിന്നീട് നോര്‍ത്ത് ഈസ്റ്റ് ഈ ചര്‍ച്ച അധികം മുന്നോട്ട് കൊണ്ട് പോയില്ല.

നിലവില്‍ നോര്‍ത്ത് ഈസ്റ്റില്‍ സഹപരിശീലകനായ ഖാലിദ് ജമീലാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മുന്‍ ഐസോള്‍ പരിശീലകനായ ഖാലിദിന് കീഴില്‍ തരക്കേടില്ലാത്ത മുന്നൊരുക്കമാണ് ഏഴാം സീസണ് മുന്നോടിയായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് നടത്തുന്നത്. ക്രൊയേഷ്യന്‍ പരിശീലകനായ റോബര്‍ട്ട് ജാര്‍നി ക്ലബ് വിട്ടതോടെയാണ് ജമീല്‍ ചുമതലയേറ്റത്.

മുഖ്യപരിശീലകസ്ഥാനത്തേക്ക് കുറച്ച് വിദേശ പരിശീലകരുടെ പേരാണ് പരിഗണിക്കുന്നതെന്നാണ് ജമീല്‍ വ്യക്തമാക്കിയത്.