പോളിസി മാറ്റം ഘട്ടം ഘട്ടമായി നടപ്പിലാക്കേണ്ടത്, വിമര്‍ശിച്ച് ബ്ലാസ്റ്റേഴ്‌സ് സ്‌പോടിംഗ് ഡയറക്ടര്‍

Image 3
FootballISL

ഐഎസ്എല്ലിലെ വിദേശ കളിക്കാരെ കുറയ്ക്കുന്നതിനുളള അധികൃതരുടെ നീക്കം പടിപടിയായി നടപ്പില്‍ വരുത്തേണ്ട ഒന്നാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിങ്കിസ്. ഗോള്‍ ഡോട്ട് കോമിനോട് സംസാരിക്കുമ്പോഴായിരുന്നു കരോളിസ് ഇക്കാര്യം പറഞ്ഞത്.

ഇത്തരം നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് രണ്ടു വശങ്ങളുണ്ടെന്നും അതുകൊണ്ടു തന്നെ പടിപടിയായാണ് ഇതു കൊണ്ടു വരേണ്ടതെന്നുമാണ് കരോളിസ് പറയുന്നത്.

‘വിദേശ കളിക്കാരുമായി ബന്ധപ്പെട്ട തീരുമാനത്തിന് രണ്ടു വശങ്ങളുണ്ട്. കുറച്ചു വിദേശ താരങ്ങളുമായി കളിച്ചാല്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്ന വാദത്തെ ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നു. അതേസമയം കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാനും സ്വയം മെച്ചപ്പെടാനും വളരെ മത്സരാത്മകമായ ഒരു അന്തരീക്ഷം അവര്‍ക്കു വേണമെന്നതും തുല്യ പ്രാധാന്യമുള്ള കാര്യമാണ്.’ അദ്ദേഹം വിലയിരുത്തുന്നു.

‘ഏറ്റവും മികച്ച താരങ്ങള്‍ക്കൊപ്പവും അവര്‍ക്കെതിരെയും കളിച്ച് ഇന്ത്യന്‍ താരങ്ങള്‍ നല്ല രീതിയില്‍ വളര്‍ന്നു വരികയെന്നതായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ എഎഫ്‌സിയുടെ നിലപാടിന് അനുകൂലമായി തന്നെയാണ് ഞങ്ങളുമുള്ളത്. എന്നാല്‍ പെട്ടെന്നു മാറ്റം വരുത്താതെ പടിപടിയായി ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാണ് എനിക്കു പറയാനുള്ളത്.’ സ്‌കിങ്കിസ് വ്യക്തമാക്കി.

2021-22 സീസണ്‍ മുതല്‍ ഐഎസ്എല്ലില്‍ കളിക്കുന്ന വിദേശ കളിക്കാരുടെ കാര്യത്തില്‍ നിര്‍ണായകമായ മാറ്റം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും അതിന്റെ സാങ്കേതിക സമിതിയും തീരുമാനിച്ചിരുന്നു. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ മാര്‍ഗനിര്‍ദ്ദേശത്തിന് അനുസൃതമായി സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ നാലു വിദേശ കളിക്കാരും അവരിലൊരാള്‍ ഏഷ്യന്‍ താരവുമായിരിക്കണമെന്ന പുതിയ തീരുമാനമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്.

സ്റ്റാര്‍ടിംഗ് ഇലവനിലെ വിദേശ കളിക്കാരുടെ എണ്ണം കുറക്കുന്ന കാര്യം അംഗീകരിക്കപ്പെട്ടെങ്കിലും ഒരു ഏഷ്യന്‍ താരം ഇലവനില്‍ വേണമെന്ന നിബന്ധനയുടെ കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ല.