ഹൃദയവേദനയോടെ യാത്രപറഞ്ഞ് പോപ്പ്, വീണ്ടും കാണാമെന്ന് വാഗ്ദാനം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് ഹൃദയത്തില്‍ തട്ടി യാത്ര ചോദിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ലൊവാനിയന്‍ താരം മതാജ് പൊപ്ലാനിക്ക്. ഇന്‍സ്റ്റഗ്രാമിലെ തന്റെ ഒഫീഷ്യല്‍ അകൗണ്ടിലൂടെയാണ് പൊപ്ലാനിക്ക് ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് യാത്ര ചോദിച്ചത്.

താനിനി ബ്ലാസ്‌റ്റേഴ്‌സ് താരമല്ലെന്ന് പറഞ്ഞ മതാജ് പക്ഷെ ഇനി ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായിമയായ മഞ്ഞപ്പടയിലുണ്ടാകുമെന്ന് കൂട്ടിചേര്‍ത്തു. ഒരിക്കല്‍ ബ്ലാസ്റ്ററായാല്‍ പിന്നീട് എല്ലായിപ്പോഴും ബ്ലാസ്റ്ററായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

‘യെല്ലോ ആര്‍മി, ഇത് ഒരിക്കലും ഒരു യാത്ര പറച്ചിലല്ല, എന്നാല്‍ കാലം നമ്മുടെ ജീവിതത്തില്‍ പുതിയ ചില വെല്ലുവിളികള്‍ സ്വീകരിക്കാനും അവസരങ്ങള്‍ സ്വന്തമാക്കാനും പറയും. നിങ്ങളെ എല്ലാവരേയം ഒരുപാട് എനിക്ക് മിസ് ചെയ്യും മാത്രമല്ല നിങ്ങളെ എല്ലാ ദിവസവും ഞാന്‍ ഓര്‍ക്കുകയും ചെയ്യും. ഞാനിനി ഒരിക്കലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരിക്കുകയില്ല പക്ഷെ ഇനി ഞാന്‍ മഞ്ഞപ്പടയുടെ ഭാഗമായിരിക്കും. എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ നന്ദി ഒരോ സെക്കന്റിലും എന്നെ പിന്തുണച്ചതിന്. നിങ്ങള്‍ എന്റെ ഇന്ത്യന്‍ അനുഭവം അവിസ്മരണീയമാക്കി. ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. നമുക്ക് വീണ്ടും കാണാനാകമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ ബ്ലാസ്റ്ററായാല്‍ എല്ലായിപ്പോഴും ബ്ലാസ്റ്ററായിരിക്കും’ പോപ്പ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

സ്‌കോട്ടിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബ് ലിവിംഗ്സ്റ്റണിലേക്കാണ് മാതാജ് കൂടുമാറിയ്ിരിക്കുന്നത് സ്‌കോട്ടിഷ് ഒന്നാം ഡിവിഷന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തുളള ടീമാണ് ലിവിംഗ്സ്റ്റണ്‍ എഫ്സി. ബ്ലാസ്റ്റേഴ്സുമായി ഒരു വര്‍ഷത്തെ കരാര്‍ ബാക്കി നില്‍ക്കെയാണ് പൊപ്ലാനിക്ക് ക്ലബ് വിടുന്നത്.

2018 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച താരമാണ് പൊപ്ലാനിക്ക്. കഴിഞ്ഞ സീസണില്‍ ഹംഗേറിയന്‍ ക്ലബായ കപോസ്വരി റകോസിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് പൊപ്ലാനിക്കിനെ ലോണിന് കൈമാറിയിരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്.

2018-19 സീസണില്‍ 16 മത്സരങ്ങളില്‍ മഞ്ഞക്കൂപ്പായം അണിഞ്ഞിരുന്നു പൊപ്ലാനിക്ക്. എന്നാല്‍ കാര്യമായ മികവ് കാട്ടാന്‍ താരത്തിനായില്ല. നാല് ഗോളുകളാണ് ഈ സ്ലൊവേനിയന്‍ മുന്നേറ്റ നിര താരം സ്വന്തമാക്കിയത്.

You Might Also Like