ഐഎസ്എല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി കേരള ബ്ലാസറ്റേഴ്‌സ്

ഐഎസ്എല്ലില്‍ തുടര്‍ച്ചയായ എട്ടാം ജയത്തോടെ പരാജയമമറിയാതെ മുന്നേറുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ തേടി ഒരു അപൂര്‍വ്വ നേട്ടം. ഐഎസ്എല്ലില്‍ 200 ഗോള്‍ നേടുന്ന ടീമുകളുടെ ക്ലബിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇടംപിടിച്ചിരിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കിയ നാലാമത്തെ മാത്രം ടീമാണ് ബ്ലാസ്റ്റേഴ്‌സ്.

ജിയാന്നുവിന്റെ ഗോളായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇരുന്നൂറാം ഐ എസ് എല്‍ ഗോള്‍. ചെന്നൈയിന്‍ എഫ്സി, മുംബൈ സിറ്റി എഫ്സി, എഫ്സി ഗോവ എന്നിവര്‍ ആണ് 200 ഗോളുകള്‍ അടിച്ചിട്ടുള്ള ക്ലബുകള്‍. വേറെ ഒരു ക്ലബിനും ഈ നേട്ടത്തില്‍ ഇതുവരെ എത്താന്‍ ആയിട്ടില്ല.

287 ഗോളുകള്‍ ഇതുവരെ നേടിയിട്ടുള്ള എഫ് സി ഗോവ ആണ് ഗോളുകളുടെ എണ്ണത്തില്‍ ഐ എസ് എല്ലില്‍ ബഹുദൂരം മുന്നിലുളളത്. ഗോവയെ മറികടക്കാനുളള ശ്രമകരമായ ഭൗത്യമാണ് ഇനി മറ്റ് ഐഎസ്എല്‍ ടീമുകള്‍ക്കുളളത്.

അതെസമയം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ജംഷ്ഡ്പൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തകര്‍ത്തത്. വിജയത്തോടെ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് മുന്നേറാനും ബ്ലാസ്റ്റേഴ്‌സിനായി. ഐഎസ്എല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വികളും അടക്കം 25 പോയന്റാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് നേടിയത്.

28 പോയന്റുളള ഹൈദരാബാദും 30 പോയന്റുളള മുംബൈ സിറ്റി എഫ്‌സിയുമാണ് ബ്ലാസ്റ്റേഴ്‌സിന് മുന്നിലുളള രണ്ട് ടീമുകള്‍. എടികെ മോഹന്‍ ബഗാന്‍, എഫ്‌സി ഗോവ, ഒഡിഷ എന്നിവരാണ് ആദ്യ ആറ് സ്ഥാനത്തുളള മറ്റ് ടീമുകള്‍.

You Might Also Like