രണ്ട് സ്പാനിഷ് സൂപ്പര്‍ താരങ്ങളെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സ്, ഞെട്ടിച്ച് കിബു വിക്കൂന

Image 3
FootballISL

ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോരിയെ പുറത്താക്കിയതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചതോടെ മോഹന്‍ ബഗാന്‍ പരിശീലകന്‍ കിബു വിക്കൂന പുതിയ പരിശീലകനാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ വികൂനയുടെ വരവ് ബ്ലാസ്‌റ്റേഴ്‌സ് ലൈനപ്പില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്കും വഴിവെക്കും.

വികൂനയ്‌ക്കൊപ്പം മോഹന്‍ ബഗാനില്‍നിന്ന് സ്പാനിഷ് താരങ്ങളായ ഫ്രാന്‍ ഗോണ്‍സാലെസ്, ജോസെബ ബെയിറ്റിയ എന്നിവരും ബ്ലാസ്റ്റേഴ്‌സിലെത്തുമെന്നു സൂചനകളുണ്ട്. ഇവരുടെ വരവ് ബ്ലാസ്‌റ്റേഴ്‌സിനെ കൂടുതല്‍ കരുത്തരാക്കും.

എല്‍കോ ഷറ്റോരിയെ നിലനിര്‍ത്തണമെന്ന ആരാധക അഭ്യര്‍ഥന തള്ളിയാണു ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വിക്കൂനയെ കൊണ്ടുവരുന്നത്. ടീമിന്റെ സ്‌പോര്‍ട്ടിങ് ഡയറക്ടറായി ലിത്വാനിയക്കാരന്‍ കരോളിസ് സ്‌കിന്‍കിസിനെ നിയമിക്കാനുള്ള നീക്കത്തോടെ നിലവിലെ ഷറ്റോാരി പുറത്താകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.

കൊല്‍ക്കത്ത മോഹന്‍ ബഗാനെ ഐ ലീഗ് കിരീടത്തിലേക്കു നയിച്ചതു വിക്കൂനയായിരുന്നു. ലയനത്തോടെ എടികെയും മോഹന്‍ ബഗാനും ഒറ്റ ടീം ആകുന്നതോടെ കിബു വിക്കൂനയ്ക്കു ബഗാന്‍ പരിശീലകസ്ഥാനം നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. എടികെ മോഹന്‍ബഗാന്‍ ടീമിനെ അന്റോണിയോ ലോപ്പസ് ഹബാസ് പരിശീലിപ്പിക്കുമെന്നു മാനേജ്‌മെന്റ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ബ്ലാസ്റ്റേഴ്‌സ് വിക്കൂനയെ സ്വന്തമാക്കിയത്.

ബഗാനില്‍ സഹപരിശീലകന്‍ ആയിരുന്ന തോമസ് ഷോര്‍സ് (പോളണ്ട്) മുഖ്യപരിശീലകനൊപ്പം ബ്ലാസ്റ്റേഴ്‌സിലേക്കു വരുന്നുണ്ട്. വര്‍ഷങ്ങളായി ഇരുവരും പല ക്ലബ്ബുകളിലും ഒരുമിച്ചു ജോലി ചെയ്യുന്നു. പുതിയ ഫിസിക്കല്‍ ട്രെയിനര്‍, ഗോള്‍ കീപ്പിങ് കോച്ച് എന്നിവരും ബ്ലാസ്റ്റേഴ്‌സില്‍ ചേരും. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെ നാടായ ലിത്വാനിയയില്‍ നിന്നാവും ഫിസിക്കല്‍ ട്രെയിനര്‍.