അഞ്ച് വിദേശ സൈനിംഗുകള്‍ പൂര്‍ത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ഐഎസ്എല്‍ ഏഴാം സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ച് വിദേശ സൈനിംഗുകള്‍ പൂര്‍ത്തിയാക്കിയതായി സൂചന. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇതോടെ ആ താരങ്ങള്‍ ആരെന്ന് അറിയാനുളള ചൂടുളള ചര്‍ച്ചകളാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നടക്കുന്നത്. നിലവില്‍ ഒരു വിദേശ താരത്തെ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ഔദ്യോഗികമായി സൈനിംഗ് പ്രഖ്യാപിച്ചിട്ടുളളു.

അര്‍ജന്റീനന്‍ മിഡ്ഫീല്‍ഡര്‍ ഫക്കുണ്ടോ പെരേരയുടെ പേരാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത്. കൂടാതെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ച സെര്‍ജിയോ സിഡോച്ചയെ ബ്ലാസ്‌റ്റേഴ്‌സ് നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ മറ്റ് മൂന്ന് വിദേശ താരങ്ങളാരെല്ലാമാണ് എന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ അന്വേഷിക്കുന്നത്.

മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരവും ഓസീസ് എ ലീഗിലെ വെല്ലിംഗടണ്‍ ഫീനിക്‌സ് കളിക്കാരനുമായി ഗാരി ഹൂപ്പറെ ഇതിനോടകം ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കന്‍ ടോപ് ഡിവഷന്‍ ക്ലബില്‍ കളിക്കുന്ന കോസ്റ്റ നമോനിസുവുവാണ് ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലെത്തി എന്ന് കരുതുന്ന മറ്റൊരു താരം.

എന്നാല്‍ ഇവരൊന്നും കൂടാതെ ഒരാളെ കൂടി ബ്ലാസറ്റേഴ്‌സ് സ്വന്തമാക്കി എന്നത് ആരാധകര്‍ക്ക് പുതിയ അറിവാണ്. ആ താരം ഏതെന്ന അന്വേഷണത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരിപ്പോള്‍. നിലവില്‍ ഒരു ഏഷ്യന്‍ സൈനിംഗ് ഉള്‍പ്പെടെ ഏഴ് വിദേശ താരങ്ങളെയാണ് ഒരു ടീമിന് ഐഎസ്എല്ലില്‍ കളിപ്പിക്കാനാകു.