സന്തോഷ വാര്‍ത്ത, ക്യാപ്റ്റന്‍ ഓഗ്‌ബെചെ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സ് വിട്ടിട്ടില്ല

Image 3
FootballISL

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് അല്‍പം ആശ്വാസം നല്‍കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ഗോളടി യന്ത്രവുമായി ഓഗ്‌ബെചെ ഇതുവരെ മറ്റൊരു ക്ലബിലേക്കും ചേക്കേറിയിട്ടില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം അറിയ്ക്കുന്നത്.

നിലവില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് മുംബൈ എഫ്‌സിയിലേക്ക് ലോണില്‍ മാറിയെന്ന് റിപ്പോര്‍ട്ടുകളാണ് മെര്‍ഗുളാനോ തള്ളുന്നത്. മുംബൈയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ ഓഗ്‌ബെചെ അവരുമായി കരാറൊന്നും ഒപ്പിട്ടില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.

ബ്ലാസ്റ്റേഴ്‌സ് വിടാന്‍ ഓഗ്‌ബെചെ ആഗ്രഹിക്കുന്നുണ്ടത്രെ. നേരത്തെ വാഗ്ദാനം ചെയ്ത കരാര്‍ പ്രകാരമുളള തുക നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറല്ലാത്തതാണ് ഓഗ്‌ബെചെ മറ്റൊരു ക്ലബ് അന്വേഷിക്കാന്‍ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ താരം മറ്റൊരു ക്ലബുമായി കരാര്‍ ഒപ്പിട്ടിട്ടില്ല. ഇതോടെ ഓഗ്‌ബെചെ തുടരുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ സീസണില്‍ ഏറ്റവും അധികം ഗോള്‍ നേടിയ താരമായിരുന്നു ഓഗ്ബെചെ. കേരളത്തിനായി 15 ഗോളുകള്‍ നേടിയ ഈ നൈജീരിയന്‍ താരം ബ്ലാസ്റ്റഴേ്സിന്റെ എക്കാലത്തേയും വലിയ ഗോള്‍ വേട്ടക്കാരനും ആയി മാറിയിരുന്നു.