5 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു, ജിങ്കനെ റാഞ്ചി ഐഎസ്എല്‍ ക്ലബ്

കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ എടികെ മോഹന്‍ ബഗാനിലേക്ക് ചേക്കേറിയതായി റിപ്പോര്‍ട്ടുകള്‍. അഞ്ച വര്‍ഷത്തേക്കാണ് ജിങ്കനുമായുളള കരാര്‍ എടികെ മോഹന്‍ ബഗാന്‍ ഒപ്പിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 1.66 കോടി രൂപയ്ക്കാണ് ജിങ്കനെ എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കിയിരിക്കുന്നത്.
നേരത്തെ അഞ്ചോളം ഐഎസ്എല്‍ ക്ലബുകളാണ് ജിങ്കനായി മത്സര രംഗത്തുണ്ടായത്. എന്നാല്‍ ഒടുവില്‍ എടികെയിലേക്ക് പോകാനാണ് ജിങ്കന്‍ തീരുമാനം എടുക്കുകയായിരുന്നു.
നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്. മൂന്ന് മാസം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്‌സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സി അണിഞ്ഞിട്ടുണ്ട്.
ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്‌പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.
2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.