ഐഎസ്എല്ലിന് ക്രൂരമായ അവഗണന, പ്രതിഷേധം കത്തുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണ്‍ ആരംഭിക്കാന്‍ നൂറില്‍ താഴെ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോഴും ഐഎസ്എല്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ സ്‌പോട്‌സ് ഒന്നും അറിഞ്ഞിട്ടില്ല. പകരം ദിവസത്തിന്റെ ഏതാണ്ട് ഭൂരിഭാഗവും ഇപ്പോഴും ഐപിഎല്‍ ഹൈലൈറ്റ്‌സ് കാണിക്കുകയാണ്. ഇതോടെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫുട്‌ബോള്‍ ആരാധകര്‍.
സമൂഹമാധ്യമങ്ങളില്‍ ഈ പ്രവണതയ്‌ക്കെതിരെ വലിയ പ്രതിഷേധം ആണ് നടക്കുന്നത്.
‘ഫുട്‌ബോള്‍ ഫാന്‍ എക്‌സിസ്റ്റ്‌സ്’ (ഫുട്‌ബോള്‍ ആരാധകന്‍ ജീവിച്ചിരിപ്പുണ്ട്) എന്ന ക്യാമ്പയിനാണ് ആരാധകര്‍ ആരംഭിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവര്‍ പ്രതികരിക്കുന്നത്. കബഡി ലീഗിനു പോലും ഇതിനെക്കാള്‍ മികച്ച പരിഗണന ലഭിക്കുന്നുണ്ടെന്നും രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗായ ഐഎസ്എലിനെ തഴയുകയാണെന്നും ആരാധകര്‍ വാദിക്കുന്നു.
നവംബര്‍ 20 ന് ഗോവയിലാണ് ഇത്തവണ ഐഎസ്എല്‍ കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സ് എടികെ മോഹന്‍ ബഗാനെ നേരിടും. 2020-21 എഡിഷന്‍ ഐഎസ്എല്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങളിലാകും നടക്കുക. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.
നവംബര്‍ 26 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13 ന് കേരളാ ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സി പോരാട്ടം നടക്കും. 11 ടീമുകളാണ് ഐഎസ്എല്ലില്‍ ഇത്തവണ പങ്കെടുക്കുന്നത്. ഈസ്റ്റ് ബംഗാളിന്റെ വരവോടെയാണ് ലീഗില്‍ 11 ടീമുകളായത്.