ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിലും മൃഗീയാധിപത്യം, ഐഎസ്എല്‍ എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ ലീഗ്!

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ വര്‍ഷത്തെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പിലും കേരള ബ്ലാസ്റ്റേഴ്‌സിന് മൃഗീയാധിപത്യം. ഏറ്റവും അധികം ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് നേടിയ കഴിഞ്ഞ വര്‍ഷത്തെ ഐഎസ്എല്‍ മത്സരങ്ങളടെ ആദ്യ 10 എണ്ണം എടുത്താല്‍ അതില്‍ ഏഴും കേരള ബ്ലാസ്റ്റേഴ്‌സുമായുളള വിവിധ ഐഎസ്എല്‍ ടീമുകളുടെ മത്സരമാണ്.

സ്റ്റാര്‍ സ്‌പോട്‌സ് അടക്കം വിവിധ ഭാഷ ചാനലുകള്‍ ലോകമെമ്പാടുമുളള ഫുട്‌ബോള്‍ പ്രേമികള്‍ക്കായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സംപ്രേഷണം ചെയ്തപ്പോഴാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് മൃഗീയാധിപത്യം സ്വന്തമാക്കിയിരിക്കുന്നത്. ഇതില്‍ ഏറ്റവും രസകരം ഐഎസ്എല്‍ ഫൈനലിനേക്കാള്‍ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് – എടികെ ഉദ്ഘാടന മത്സരത്തിനുണ്ട് എന്നതാണ്.

അതെസമയം ടെലിവിഷന്‍ വ്യൂവര്‍ഷിപ്പില്‍ ആദ്യ നാല് സ്ഥാനത്ത് ഒരറ്റത്ത് എടികെ ഉണ്ട് എന്നതും ശ്രദ്ധേയമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് – എടികെ ഉദ്ഘാടന മത്സരമാണ് ഏറ്റവും അധികം പേര്‍ കഴിഞ്ഞ വര്‍ഷം ടെലിവിഷനിലൂടെ വീക്ഷിച്ച ഐഎസ്എല്‍ മത്സരം. എടികെ – ചെന്നൈയിന്‍ എഫ്‌സി ഫൈനലും, എടികെ – ബംഗളൂരു സെമിയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.

എടികെ – ബ്ലാസ്റ്റേഴ്‌സ് ലീഗ് മത്സരമാണ് നാലാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്‌സ് – മുംബൈ എഫ്‌സി മത്സരം അഞ്ചാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സ് – ഗോവ മത്സരവും ബ്ലാസ്‌റ്റേഴ്‌സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ മത്സരവും ബംഗളൂരു നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരവും ടെലിവിഷന്‍ വ്യൂവര്‍ഷിപ്പില്‍ ആറാം സ്ഥാനം പങ്കിടുന്നു.

ഒന്‍പതാം സ്ഥാനം ഹൈദരാബാദ് – കേരള മത്സരത്തിനും 10ാം സ്ഥാനം ബംഗളൂരു – കേരള മത്സരത്തിനുമാണ്. 167.6 മില്യണ്‍ ടെലിവിഷന്‍ റീച്ച് ആണ് ഐഎസ്എല്‍ ആറാം സീസണില്‍ ആകെ ഉണ്ടായിരിക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മാര്‍ക്കസ് മെര്‍ഗുളാനോ ആണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്.

You Might Also Like