വാല്‍കിസിനേയും നഷ്ടപ്പെട്ടു, ചെന്നൈയ്ക്ക് അടുത്ത തിരിച്ചടി

ഐഎസ്എല്ലില്‍ ചെന്നൈ സിറ്റി എഫ്‌സിയ്ക്ക് അടുത്ത തിരിച്ചടി നല്‍കി കൊണ്ട് ജംഷഡ്പൂര്‍ എഫ്‌സി മറ്റൊരു തകര്‍പ്പന്‍ സൈനിംഗിന് ഒരുങ്ങുന്നു. ഐഎസ്എല്ലില്‍ കഴിഞ്ഞ വര്‍ഷത്തെ ഗോള്‍ഡണ്‍ ബൂട്ട് ജേതാവായ ലിത്വാനിയന്‍ സൂപ്പര്‍ താരം നെരിജിസ് വാല്‍കിസിനെ സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് ജംഷഡ്പൂര്‍ എഫ്‌സി.

രണ്ട് വര്‍ഷത്തേക്കാണ് 33കാരനായ വാല്‍കിസുമായി ജംഷഡ്പൂര്‍ കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നത്. പ്രമുഖ കാരിയ മാധ്യമമായ ഗോള്‍ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ തവണ ചെന്നൈയെ ഫൈനലിലെത്തിക്കുന്നതില്‍ വാല്‍കിസ് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഐഎസ്എല്‍ അരങ്ങേറ്റ സീസണില്‍ തന്നെ 20 മത്സരങ്ങളില്‍ നിന്ന് വാല്‍കിസ് 15 ഗോളുകളും ആറ് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം ചെന്നൈ കോച്ച് ഓവല്‍ കോയിലിനേയും ജംഷഡ്പൂര്‍ എഫ്‌സി സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ടീമിലെ പ്രധാന താരത്തേയും ജംഷഡ്പൂര്‍ സ്വന്തം നിരയിലെത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ഐഎസ്എല്‍ സീസണിനിടേയായിരുന്നു ഇംഗ്ലീഷ് പരിശീലകനായ കോയില്‍ ചെന്നൈ എഫ്സിയുമായി കരാര്‍ ഒപ്പിട്ടത്. അതുവരെ ദയനീയ പ്രകടനം കാഴ്ച്ചവെക്കുകയായിരുന്ന ചെന്നൈ പിന്നീട് അവിശ്വസനീയമായി മുന്നേറുകയായിരുന്നു. ഒടുവില്‍ ഐഎസ്എല്‍ ഫൈനല്‍ വരെ ചെന്നൈയെ ഓവല്‍ കൈപിടിച്ചുയര്‍ത്തി.

You Might Also Like