ഐഎസ്എല്ലിനെതിരെ കലാപക്കൊടി ഉയര്‍ത്തി ക്ലബുകള്‍
വിദേശ താരങ്ങളുടെ എണ്ണം കുറക്കാനുളള ഐഎസ്എല്‍ അധികൃതരുടെ നീക്കത്തിനെതിരെ വിവിധ ഐഎസ്എല്‍ ക്ലബുകള്‍ രംഗത്ത്. പെട്ടെന്നുളള ഈ തീരുമാനം ക്ലബുകളുമായി താരങ്ങളുടെ കരാറിനെ വരെ ബാധിക്കുമെന്നും പുനപരിശോധിക്കണമെന്നും ഐഎസ്എല്‍ ക്ലബുകള്‍ ആവശ്യപ്പെടുന്നു.
ഇത്തരമൊരു തീരുമാനം ധൃതിപിടിച്ച നടപ്പിലാക്കുന്നതിനെതിരായാണ് ക്ലബുകള്‍ രംഗത്ത് വന്നിരിക്കുന്നത്. ഒന്നോ, രണ്ടോ സീസണുകള്‍ക്ക് ശേഷം മാത്രം ഇത്തരമൊരു തീരുമാനം കൈകൊള്ളേണ്ടതുളളു എന്നാണ് ഭൂരുഭാഗം ഐഎസ്എല്‍ ക്ലബുകളുടേയും നിലപാട്.
ഐഎസ്എല്ലിലെ ഒരു മത്സരത്തില്‍ ഒരു ടീമില്‍ നാല് വിദേശ താരങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുളള എന്നതാണ് പുതിയ നിയമം. ഈ നാലില്‍ ഒരു താരം ഏഷ്യന്‍ താരവുമായിരിക്കണം. കൂടാതെ ടീം സ്വാഡില്‍ ആറ് വിദേശ താരങ്ങള്‍ മാത്രമേ പാടുളളൂ. നിലവില്‍ ഐഎസ്എല്ലില്‍ അഞ്ച് വിദേശ താരങ്ങള്‍ക്ക് ആദ്യ ഇലവനില്‍ കളിക്കാം. ഏഴു വിദേശ താരങ്ങളെ വരെ സൈനും ചെയ്യാം. ഇതാണ് ഐലീഗ് മാതൃകയില്‍ പൊടുന്നനെ മാറുന്നത്.
അതെസമയം ഐഎസ്എല്ലില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യവും ശക്തമാണ്. ഐഎസ്എല്‍ കൊണ്ട് ഇന്ത്യന്‍ ഫുട്ബോളിന് ഉപകാരമുണ്ടാകണമെങ്കില്‍ വിദേശ താരങ്ങളുടെ എണ്ണം കുറയ്ക്കണമെന്നാണ്് ആവശ്യമുയരുന്നത്. വിദേശ താരങ്ങളുടെ ആധിക്യം ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും നിരീക്ഷിക്കുന്നു.
എടികെ കൊല്‍ക്കത്തയുടെ സഹപരിശീലകന്‍ സഞ്ജോ സെന്‍ ആണ് ഏറ്റവും ഒടുവില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശതാരങ്ങളുടെ എണ്ണം കൂടുതന്നത് ഇന്ത്യന്‍ ക്ലബുകളുടെ പ്രകടനത്തെ കാര്യമായി തളര്‍ത്തുണ്ടെന്നാണ് സെന്‍ നിരീക്ഷിക്കുന്നത്.