ഐഎസ്എല്‍ വേദി തീരുമാനമായി, തീയ്യതിയും പുറത്ത്

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണ്‍ നടക്കുക ഗോവയില്‍. കേരളത്തെ പിന്തള്ളിയാണ് ഗോവയില്‍ തന്നെ ലീഗ് നടത്താന്‍ ഐഎസ്എല്‍ സംഘാടകരായ എഎസ്ഡിഎല്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തീരുമാനിച്ചത് പ്രകാരം നവംബര്‍ 23ന് തന്നെ ലീഗ് ആരംഭിക്കും.

കോവിഡ് മാഹമാരിയെ തുടര്‍ന്ന് കാണികളെ പ്രവേശിപ്പിക്കാതെയാകും ടൂര്‍ണമെന്റ് നടക്കുക. ടീമുകള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും വന്‍ സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കിയാകും ലീഗ് സംഘടിപ്പിക്കുക.

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികളെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്. നേരത്തെ കേരളത്തില്‍ കൊച്ചി, മഞ്ചേരി, കോഴിക്കോട് സ്‌റ്റേഡിയങ്ങളില്‍ വെച്ച് ലീഗ് നടത്താനായിരുന്നു എഎസ്ഡിഎല്‍ ആലോചിച്ചിരുന്നത്. ഇത് കേരളത്തെ ഫുട്‌ബോള്‍ ഹബ്ബ് ആക്കി മാറ്റുന്നതിന് വരെ സഹായകരമാകുമെന്ന് ആരാധകര്‍ കണക്ക് കൂട്ടിയിരുന്നു. ഇതാണ് ഇപ്പോള്‍ തകര്‍ന്നിരിക്കുന്നത്.

ഐഎസ്എല്‍ സംഘാടകര്‍ക്ക് നേരത്തെ തന്നെ ഗോവയില്‍ ടൂര്‍ണമെന്റ് നടത്താനായിരുന്നു താല്‍പര്യം. എന്നാല്‍ അനുമതി സംബന്ധിച്ച് ഗോവന്‍ സര്‍ക്കാരുമായി ചില ആശയക്കുഴപ്പം ഉടലെടുത്തതാണ് കേരളത്തിലേക്ക് ഐഎസ്എല്‍ എത്തിയേക്കും എന്ന ധാരണ പരന്നത്. ഗോവന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായി ഐഎസ്എല്‍ നടത്താന്‍ പച്ചക്കൊടി വീശിയതോടെ ലീഗ് അവിടെ വെച്ച് തന്നെ നടത്താന്‍ ധാരണയാകുകയായിരുന്നു.

ഗോവയില്‍ നിരവധി സ്റ്റേഡിയങ്ങളുണ്ടെന്നതും ഈ സ്‌റ്റേഡിയങ്ങള്‍ തമ്മില്‍ യാത്രദൂരം കുറവാണെന്നതും ഗോവയെ പരിഗണിക്കുന്നതിന് നിര്‍ണ്ണായകമായി. മാത്രമല്ല ടീമുകള്‍ക്കുളള താമസസൗകര്യവും ഗോവയില്‍ എളുപ്പത്തില്‍ ഒരുക്കാനാകും.