പുതിയ സീസണ്‍, പുതിയ നിയമങ്ങള്‍, ഐഎസ്എല്ലില്‍ നിരവധി മാറ്റങ്ങള്‍

Image 3
FootballISL

ഐഎസ്എല്ലില്‍ വരുന്ന സീസണ്‍ അടിമുടി മാറ്റങ്ങളുടേതാണ്. പോയ സീസണിലെ കണക്കുകള്‍ തീര്‍ക്കാന്‍ ക്ലബുകളെല്ലാം തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം അടുത്ത സീസണില്‍ ഒരുപിടി പുത്തന്‍ ചട്ടങ്ങളും നിയമങ്ങളുമുണ്ട് ക്ലബുകള്‍ക്ക് പാലിക്കാന്‍. 2020-21 സീസണ്‍ മുതല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവില്‍ വരാനിരിക്കുന്ന പുതിയ നിയമങ്ങള്‍ ചുവടെ കാണാം.

വിദേശ താരങ്ങള്‍

ഐഎസ്എല്‍ ഏഴാം സീസണില്‍ ഏഴു വിദേശ താരങ്ങളെ വരെ ടീമുകള്‍ക്ക് സ്‌ക്വാഡില്‍ എടുക്കാം. ഇക്കഴിഞ്ഞ ആറാം സീസണിലും ഈ വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ അടുത്തതവണ മുതല്‍ ടീമിലെ ഒരു വിദേശ താരമെങ്കിലും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ (എഎഫ്സി) ഉള്‍പ്പെടുന്ന രാജ്യത്തു നിന്നായിരിക്കണം. ടീം മാനേജ്മെന്റുകള്‍ ഇതുസംബന്ധമായ അറിയിപ്പ് അധികൃതര്‍ നല്‍കിക്കഴിഞ്ഞു.

സ്വാകാഡ് വലുപ്പം

പുതിയ സീസണില്‍ ടീമുകളുടെ സ്‌ക്വാഡ് പരിമിതി അധികൃതര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇനി മുതല്‍ 35 താരങ്ങളെ വരെ ടീമുകള്‍ക്ക് സ്‌ക്വാഡിലെടുക്കാം. കഴിഞ്ഞ സീസണില്‍ 25 താരങ്ങളെ വരെയാണ് സ്‌ക്വാഡിലെടുക്കാന്‍ ടീമുകള്‍ക്ക് അനുവാദമുണ്ടായിരുന്നത്. സ്‌ക്വാഡ് വലുപ്പം 35 ആക്കിയ സ്ഥിതിക്ക് ഓരോ ടീം സ്‌ക്വാഡിലും 28 ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടുമെന്ന് ചുരുക്കം.

അനുവാദം കാത്തുനില്‍കേണ്ട

പുതിയ ചട്ടം പ്രകാരം വിദേശ താരങ്ങളെ ടീമിലെത്തിക്കുന്നതിന് ക്ലബുകള്‍ ലീഗ് അധികാരികളുടെ അനുവാദം തേടേണ്ടതില്ല. കഴിഞ്ഞ സീസണില്‍ ഇതായിരുന്നില്ല ചിത്രം. ഐഎസ്എല്‍ മാനേജ്മെന്റിന്റെ അനുമതി വേണമായിരുന്നു വിദേശ താരങ്ങളെയും ഹെഡ് കോച്ചിനെയും ടീമില്‍ എത്തിക്കാന്‍്. എന്നാല്‍ അടുത്ത സീസണ്‍ മുതല്‍ ഈ കീഴ്വഴക്കം മാറും. ഇതേസമയം, ഹെഡ് കോച്ചുമാര്‍ക്ക് പ്രോ ലൈസന്‍സ് വേണമെന്ന നിബന്ധന ഐഎസ്എല്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

പ്രതിഫലം ഉയരും

അടുത്ത സീസണില്‍ ടീമുകളുടെ സാലറി ക്യാപും ഐഎസ്എല്‍ മാനേജ്മെന്റ് കുറച്ചു. 16.5 കോടി രൂപയാണ് താരങ്ങള്‍ക്കായി ടീമുകള്‍ക്ക് ചിലവഴിക്കാനാവുക. ട്രാന്‍സ്ഫര്‍ ഫീ ഇതില്‍ ഉള്‍പ്പെടില്ല. എന്നാല്‍ ലോണ്‍ ഫീ ഇതില്‍ കണക്കാക്കും. നേരത്തെ 17.5 കോടി രൂപയായിരുന്നു ടീമുകളുടെ സാലറി ക്യാപ്. നിശ്ചയിച്ച സാലറി ക്യാപില്‍ കൂടുതല്‍ ചിലവഴിച്ചാല്‍ പിഴ, ട്രാന്‍സ്ഫര്‍ വിലക്ക്, പോയിന്റ് നഷ്ടം എന്നീ ശിക്ഷാനടപടികള്‍ ക്ലബുകള്‍ നേരിടും.