ഐഎസ്എല്ലിനായി ‘ബയോ സെക്യൂര്‍ ബബ്ള്‍’, എല്ലാ ടീമുകളുടേയും സീസണും പ്രീസീസണും ഒരു വേദിയില്‍

Image 3
FootballISL

എന്ത് വിലകൊടുത്തും ഐഎസ്എല്‍ ഏഴാം സീസണ്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കാനുളള ദൃഢനിശ്ചയത്തിലാണ് സംഘാടകര്‍. ഇതിന്റെ ഭാഗമായി മത്സരകാലത്തേതു പോലെ പൊതു സമ്പര്‍ക്കം ഒഴിവാക്കി ‘ബയോ സെക്യൂര്‍ ബബ്ള്‍’ മാതൃകയിലായിരിക്കും ടീമുകളെ താമസിപ്പിക്കുക.

ഗോവയാണ് സീസണ്‍ മുഴുവന്‍ ഐഎസ്എല്‍ നടത്താന്‍ തിരഞ്ഞെടുത്തിരിക്കുന്ന ഏകവേദി. 10 ടീമുകളും ഗോവയില്‍ ഒരേ കാലയളവില്‍ പ്രീസീസണ്‍ തുടങ്ങുകയും സീസണ്‍ പൂര്‍ത്തിയാക്കുകയും ചെയ്യും. ടീമുകള്‍ക്കെല്ലാം പരിശീലനത്തിനുളള മൈതാനങ്ങള്‍ ഗോവയില്‍ സജ്ജമാണ്.

എല്ലാ ടീമും ഗോവയിലേക്ക് എത്തുക എന്നതായിരിക്കും പ്രീസീസണ്‍ മുന്‍കരുതലിന്റെ ആദ്യപടി. അവിടെ ടീമംഗങ്ങള്‍ക്ക് ക്വാറന്റീന്‍ സൗകര്യം ഒരുക്കും. ശേഷം ഗോവയിലെ വിവിധ സ്‌റ്റേയങ്ങളില്‍ ടീമംഗങ്ങള്‍ക്ക് പരിശീലന സൗകര്യവും ഒരുക്കും. ഇന്റര്‍ സ്റ്റേറ്റ് യാത്രകള്‍ ഒഴിവാകുന്നത് മൂലം ന്നിലേറെത്തവണ ക്വാറന്റീനും ടീമംഗങ്ങള്‍ക്ക് വേണ്ടിവരില്ല.

പുറമേനിന്നുള്ള എല്ലാ ഇടപെടലും ഒഴിവാക്കി, കര്‍ശന ആരോഗ്യസുരക്ഷാ നിയന്ത്രണങ്ങള്‍ക്കകത്തുള്ള ജീവിതമാകും ഐഎസ്എല്‍ കാലത്ത് ടീമുകള്‍ ഉണ്ടാകുക. ടീം ഹോട്ടലില്‍ മറ്റു താമസക്കാര്‍ ഉണ്ടാവില്ല. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പുറമേനിന്നുള്ളവരുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. ടീം ഹോട്ടല്‍, ഫിറ്റ്‌നസ് കേന്ദ്രം, നീന്തല്‍ക്കുളം, പരിശീലന ഗ്രൗണ്ട് എന്നിവിടങ്ങളെല്ലാം നിയന്ത്രിത മേഖലകളായിരിക്കും. കളിക്കാര്‍ക്കു പരസ്പരം ഇടപഴകാന്‍ ‘ഗ്രീന്‍ സോണുകള്‍’ അനുവദിക്കും.

ഗ്രൗണ്ടിനകത്തും ഹോട്ടല്‍ മുറിയിലും ഭക്ഷണശാലയിലും ഒഴികെ എല്ലായിടത്തും മാസ്‌കും ഗ്ലൗസും നിര്‍ബന്ധമായി ധരിക്കേണ്ടി വരും. മാത്രമല്ല ലാലിഗയിലേത് പോലെ ദിവസം പലവട്ടം ശരീരതാപനില പരിശോധിക്കും. നിശ്ചിത ദിവസങ്ങളില്‍ കോവിഡ് പരിശോധനയും ഉണ്ടാകും.