മറ്റൊരു ഐഎസ്എല്‍ ക്ലബിനെ വിഴുങ്ങാന്‍ ഐലീഗ് ക്ലബ്, അമ്പരപ്പിക്കുന്ന നീക്കങ്ങളിങ്ങനെ

Image 3
FootballISL

ഐഎസ്എല്‍ ക്ലബായ ചെന്നൈയിന്‍ എഫ്‌സിയെ ഐലീഗ് ക്ലബായ ചെന്നൈ സിറ്റി എഫ്‌സി സ്വന്തമാക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തേയും ഇതേപറ്റി റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്ത് വരുന്നത്.

ചെന്നൈയിന്‍ എഫ്സിയുടെ ബഹുഭൂരിപക്ഷം ഓഹരികളും സ്വന്തമാക്കാനാണ് ചെന്നൈ സിറ്റി എഫ്സി ഉടമകളുടെ നീക്കം. ചെന്നൈ സിറ്റിയിലേക്ക് വരും ദിവസങ്ങളില്‍ യൂറോപ്പില്‍ നിന്ന് വലിയ നിക്ഷേപങ്ങള്‍ എത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന്റെ ആദ്യഘട്ടമായുള്ള വലിയൊരു തുക ഉറപ്പാക്കിയിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇതിനുപിന്നാലെയാണ് ചെന്നൈയിന്‍ എഫ്‌സിയിലൂടെ ഐ.എസ്.എല്ലിലേക്ക് ചേക്കേറാന്‍ ചെന്നൈ സിറ്റി നീക്കം നടത്തുന്നത്.

ബോളിവുഡ് താരം അഭിഷേക് ബച്ച സഹഉടമ ആയിട്ടുളള ക്ലബാണ് ചെന്നൈയിന്‍ സിറ്റി. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണത്രെ ചെന്നൈയിന്‍ എഫ്സി ഇപ്പോള്‍ കടന്ന് പോകുന്നത്. ഇതോടെയാണ് ടീമിനെ കൈഒഴിയാന്‍ ഉടമകള്‍ ആഗ്രഹിക്കുന്നത്.

അതെസമയം ക്ലബുകള്‍ ലയിച്ച് ഒരു ക്ലബ് ആകുവാന്‍ സാധ്യതയില്ല. രണ്ട് ക്ലബുകളും രണ്ട് ലീഗിലായി തല്‍ക്കാലം തുടര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ വരാനിരിക്കുന്ന ഐ-ലീഗില്‍ നിന്ന് ചെന്നൈ സിറ്റി പിന്മാറിയേക്കുമെന്നും സൂചനയുണ്ട്. സ്‌പോണ്‍സര്‍ഷിപ്പിന്റേയും മത്സരപ്രേക്ഷേപണത്തിന്റേയും പരിമിതികള്‍ ചൂണ്ടിക്കാട്ടിയാണ് ക്ലബ് ഐ-ലീഗില്‍ നിന്ന് പിന്മാറാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ മോഹന്‍ ബഗാനും എടികെ കൊല്‍ക്കത്തയും തമ്മില്‍ ലയിച്ചിരുന്നു. ഇരുടീമുകളും ഒരു ടീമായി ഐഎസ്എല്ലില്‍ കളിക്കാനാണ് തീരുമാനം.