ബ്ലാസ്‌റ്റേഴ്‌സ് ക്ഷണിച്ചാല്‍ ഞാനവിടെ കളിച്ചിരിക്കും, തുറന്ന് പറഞ്ഞ് മാര്‍സലീന്യോ

Image 3
FootballISL

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും ഓഫറുകള്‍ വന്നാല്‍ സ്വീകരിച്ചിരിക്കുമെന്ന് ഐഎസ്എല്ലിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ബ്രസീല്‍ താരം മാര്‍സെലിന്യോ. കൊച്ചി മികച്ച സ്‌റ്റേഡിയമാണെന്നും മഞ്ഞപ്പട അവിശ്വസനീയമായ ആരാധകൂട്ടമാണെന്നും മാര്‍സെലീന്യോ പറയുന്നു.

ബ്രസീല്‍ പോലെ ഫുട്‌ബോളിനെ വികാരമായി കൊണ്ട് നടക്കുന്ന ജനതയാണ് കേരളത്തിലുളളതെന്നും എതിരാളികളുടെ പോലും ആദരവ് അവര്‍ പടിച്ച് പറ്റാറുണ്ടെന്നും മാര്‍സെലീന്യോ വ്യക്തമാക്കി. ആനന്ദ് ത്യാഗിയ്‌ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ലൈവില്‍ സംസാരിക്കെയാണ് മര്‍സെലീന്യോ ബ്ലാസ്‌റ്റേഴ്‌സിനേയും ആരാധകരേയും പ്രശംസകൊണ്ട് മൂടിയത്.

‘ഓഫറുകളെ കുറിച്ച് തുറന്ന് സംസാരിക്കുന്ന ആളാണ് ഞാന്‍. ഒരിക്കല്‍ കേരളത്തിനായി കളിയ്ക്കാന്‍ അവസരം ലഭിച്ചാല്‍ ഞാനവിടെ കളിയ്ക്കും. അവിടെ മികച്ച സ്റ്റേഡിയവും ലീഗിന് അനുയോജ്യമായ അറ്റ്‌മോസ്ഫിയറും ഉണ്ട്. എല്ലാ താരങ്ങളും ഇത് പറയാറുണ്ട്’ മാര്‍സെലീന്യോ തുറന്ന് പറയുന്നു.

‘ബ്രസീലിനെ പോലെ ഫുട്‌ബോള്‍ വികാരമായി കൊണ്ട് നടക്കുന്നവരാണ് കേരളീയര്‍. അവര്‍ താരങ്ങളെ മികച്ച രീതിയിലാണ് പിന്തുണയ്ക്കുന്നത്. ഫുട്‌ബോളിനോടുളള അവരുടെ ഇഷ്ടം നമുക്ക് കാണാനാകും. ഇത് അത്ഭുതകരമാണ്. അവരോട് പ്രതികരിക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അവര്‍ എനിയ്ക്ക് ധാരാളം മെസേജുകള്‍ അയക്കാറുണ്ട്. അതിനെല്ലാം ഞാന്‍ മറുപടി നല്‍കാനും ശ്രമിക്കാറുണ്ട്’ മാര്‍സെലീന്യോ കൂട്ടിചേര്‍ത്തു.

അതെസമയം നിലവില്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നും യാതൊരു ഓഫറുകള്‍ വന്നിട്ടില്ലെന്നും ബ്രസീലിലെ മുന്‍ നിര ക്ലബില്‍ നിന്നു തനിയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഈ ഗോള്‍വേട്ടക്കാരന്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ മാര്‍സെലീന്യോയ്ക്ക് ഹൈദരാബാദിനായി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായെങ്കില്‍ ലീഗില്‍ ടീം ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ലീഗിലെ ഏറ്റവും അവസാന സ്ഥാനക്കാരായാണ് ഹൈദരാബാദ് എഫ്സി ഐഎസ്എല്‍ അവസാനിപ്പിച്ചത്.

മുമ്പ് ഡല്‍ഹി ഡൈനാമോസിനു വേണ്ടി കളിക്കുമ്പോള്‍ ഐ എസ് എല്ലില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ള താരമാണ് മാര്‍സെലീനോ. കഴിഞ്ഞ ഐ എസ് എല്ലില്‍ ഹൈദരാബാദിനു വേണ്ടി ഏഴു ഗോളുകളും രണ്ട് അസിസ്റ്റും നേടാനും താരത്തിനായിരുന്നു. ഇതുവരെ ഐ എസ് എല്ലില്‍ ആകെ 31 ഗോളും 18 അസിസ്റ്റും നേടിയിട്ടുണ്ട് മാര്‍സെലീന്യോ.