വിനീതിനും റിനോയ്ക്കും ‘കണ്ടം ലീഗ്’ വാഗ്ദാനം ചെയ്ത് ഈസ്റ്റ് ബംഗാള്‍, ഐഎസ്എല്ലില്‍ കളിപ്പിക്കില്ല

Image 3
FootballISL

മലയാളി താരങ്ങളായ സികെ വിനീതും റിനോ ആന്റോയും അടക്കം 15 താരങ്ങളെ ഐഎസ്എല്‍ ടീമില്‍ നിന്ന് ഒഴിവാക്കി ഇതാദ്യമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കളിക്കുന്ന കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാള്‍. പ്രമുഖ കായിക മാധ്യമായ ഗോള്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മലയാളി താരങ്ങളെ കൂടാതെ ഇറാനിയന്‍ വംശജന്‍ ഒമിത് സിംഗ്, കാവില്‍ ലോബോ, ലാല്‍റിതിക്ക റാള്‍ട്ടെ അടക്കമുളള താരങ്ങളെയാണ് ഈസ്റ്റ് ബംഗാള്‍ ഐഎസ്എള്‍ സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. പുതിയ പരിശീലകന്‍ റോബി ഫൗളറാണ് പുറത്താക്കേണ്ട താരങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഒഴിവാക്കിയ താരങ്ങളോട് മറ്റ് ക്ലബുകളിലേക്ക് ചേക്കേറാന്‍ ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീസണില്‍ മറ്റു ടീമുകളില്‍ അവസരം ലഭിക്കാത്ത ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ട താരങ്ങളെ കൊല്‍ക്കത്തന്‍ ലീഗില്‍ മത്സരിക്കുന്ന ഈസ്റ്റ് ബംഗാള്‍ റിസര്‍വ് ടീമില്‍ കളിപ്പിക്കാമെന്നാണ് ക്ലബ് താരങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനം.

സികെ വിനീതിനേയും റിനോ ആന്റോയേയും പോലുളള താരങ്ങള്‍ ഈ ഓഫര്‍ സ്വീകരിക്കാന്‍ സാധ്യത കുറവാണ്, റിനോ ഈ സീസണില്‍ ഗോകുലത്തില്‍ ലോണില്‍ കളിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. വിനീതിന്റെ പുതിയ നീക്കം എന്തെന്ന് വ്യക്തമല്ല.

ഈസ്റ്റ് ബംഗാള്‍ ഐഎസ്എള്‍ സ്‌ക്വാഡില്‍ നിന്നും പുറത്താക്കിയ താരങ്ങള്‍

ഒമിത് സിംഗ്, ജയ്മി സാന്‍തോസ് കൊളാഡോ, മിലാന്‍ സിംഗ്, ഗിരിക്ക് കോസ്ല, വികാസ് സൈനി, പ്രകാശ് സര്‍ക്കാര്‍, മനോജ് മുഹമ്മദ്, ബ്രെന്‍ഡന്‍ വന്‍ലല്‍റെമിദിക, സികെ വിനീത്, റിനോ ആന്റോ, നോവിന്‍ ഗുരുഗ്, കാവിന്‍ ലോബോ, കീഗന്‍ പെരേര, ലാല്‍ റിലിന്‍ഡികാ റാള്‍ട്ടേ, ബൊയ്താംഗ് ഹോക്കിഹ്‌