കോടികള്‍ എറിഞ്ഞ് ബൗമസിനെ സ്വന്തമാക്കി, ലൊബേരയുടെ പ്രതികാരത്തില്‍ നടുങ്ങി ഗോവ
ഫുട്‌ബോള്‍ ലോകത്തിന്റെ സംശയിച്ചത് തന്നെ സംഭവിച്ചു. ഗോവയുടെ ഫ്രഞ്ച് സൂപ്പര്‍ താരം ഹ്യൂഗോ ബൗമസിനെ വന്‍ തുക റിലീസ് ക്ലോസ് മുടക്കി സിറ്റി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള മുംബൈ സിറ്റി എഫ്‌സി സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന നാടകീയ നീക്കങ്ങള്‍ക്ക് ഇതോടെ തിരശ്ശീല വീണു.
ബൗമസിനെ സ്വന്തമാക്കാനായി അദ്ദേഹത്തിന്റെ റിലീസ് ക്ലോസായ ഒന്നരക്കോടിയോളം വരുന്ന തുകയാണ് മുംബൈ സിറ്റി എഫ് സി ഗോവയ്ക്ക് നല്‍കിയത്. ഇന്ത്യന്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫറില്‍ ഒരു ക്ലബിന് ട്രാന്‍സ്ഫര്‍ തുകയായി ലഭിക്കുന്ന ഏറ്റവും വലിയ തുകയാണിത്.
നേരത്തെ ഒരു കോടി രൂപയ്ക്ക് പെട്രോ മാന്‍സിയെ ചെന്നൈ സിറ്റിയില്‍ നിന്ന് ജപ്പാന്‍ ക്ലബായ ആല്‍ബിരക്‌സ് നിഗറ്റ സ്വന്തമാക്കിയ റെക്കോര്‍ഡാണ് പഴങ്കഥയായത്.
കഴിഞ്ഞ ദിവസം എഫ്‌സി ഗോവ വിടുന്നതായി ബൗമസാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് തള്ളി എഫ്‌സി ഗോവ രംഗത്ത് വന്നതോടെയാണ് നാടകീയ സംഭവങ്ങള്‍ക്ക് അരങ്ങൊരുങ്ങിയത്. ഇതോടെ മുംബൈ സിറ്റിയാണ് ബൗമസിന് പിറകില്‍ കളിക്കുന്നതെന്ന് ഫുട്‌ബോള്‍ ലോകത്ത് സൂചനകളുണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ എഫ് സി ഗോവയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു ബൗമസ്. ഐ എസ് എല്ലിലെ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരമായും ബൗമസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗോവയ്ക്ക് വേണ്ടി കഴിഞ്ഞ സീസണില്‍ പതിനൊന്ന് ഗോളുകളും 10 അസിസ്റ്റുമാണ് ബൗമസ് സ്വനതമാക്കിയത്. ഗോവയെ ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കാനും അതിലൂടെ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും ബൗമസിനായിരുന്നു.
അവസാന മൂന്ന് സീസണായി ഗോവയ്ക്ക് ഒപ്പമുള്ള താരം 42 മത്സരങ്ങള്‍ ഐ എസ് എല്ലില്‍ കളിച്ചു. ലീഗില്‍ 16 ഗോളുകള്‍ നേടാനും 17 ഗോളുകള്‍ ഒരുക്കാനും ബൗമസിനായിട്ടുണ്ട്.
നേരത്തെ ഫാളിനെയും മന്ദര്‍ റാവുവിനെയും അഹ്മദ് ജാഹുവിനെയും ഗോവയില്‍ നിന്ന് മുംബൈ സിറ്റി സ്വന്തമാക്കിയിരുന്നു. മുന്‍ എഫ് സി ഗോവ കോച്ച് ലൊബേരയും ഇപ്പോള്‍ മുംബൈ സിറ്റിയിലാണ് ഉള്ളത്. ലെബേരയെ കഴിഞ്ഞ സീസണിന് ഇടയിലാണ് ഗോവ പുറത്താക്കിയത്.