മുംബൈയോടുളള കട്ട കലിപ്പ് തീര്‍ത്ത് ഗോവ, യുദ്ധ പ്രഖ്യാപനം

Image 3
FootballISL

സ്പാനിഷ് വിംഗര്‍ ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസയെ സ്വന്തമാക്കിയ എഫ്‌സി ഗോവ ആ പ്രഖ്യാപനം നടത്തിയത് മുംബൈ സിറ്റി എഫ്‌സിയോടുളള തങ്ങളുടെ ദേഷ്യമെല്ലാം തീര്‍ത്ത് കൊണ്ട്. മെന്‍ഡോസയെ മുംബൈ സ്വന്തമാക്കിയേക്കും എന്ന വാര്‍ത്തകളെല്ലാം പ്രദര്‍ശിപ്പിച്ച ശേഷം മുംബൈയെ വെട്ടി പകരം എഫ്‌സി ഗോവയെന്ന് എഴുതിയ മനോഹരമായ വീഡിയോയാണ് മെന്‍ഡോസയെ സ്വന്തമാക്കി എന്ന പ്രഖ്യാപനത്തിനൊപ്പം ഗോവ പുറത്ത് വിട്ടത്.

നേരത്തെ മെന്‍ഡോസയെ സ്വന്തമാക്കാന്‍ മുംബൈ സിറ്റി എഫ്‌സിയും ശ്രമിച്ചിരുന്നു. ഈ വെല്ലുവിളി മറികടന്നാണ് ഗോവ സ്പാനിഷ് താരത്തെ ടീമിലെത്തിച്ചത്.

എഫ്‌സി ഗോവയുടെ നിരവധി താരങ്ങളെ റാഞ്ചിയതോടെ ഇതിനോടകം തന്നെ ഗോവന്‍ ആരാധകര്‍ക്കിടയില്‍ മുംബൈ സിറ്റി എഫ്‌സി നോട്ടപുളളിയാണ്. ഗോവ പുറത്താക്കിയ ലൊബേര മുംബൈ സിറ്റി എഫ്‌സിയുടെ പരിശീലകനായി ചുമതലയേറ്റതാണ് ഇരുക്ലബുകളും തമ്മിലുളള വൈരത്തിന് കാരണം.

തുടര്‍ന്ന് എഫ്സി ഗോവയില്‍ നിന്ന് നിരവധി താരങ്ങള്‍ മുംബൈ സിറ്റിയിലേക്ക് ചേക്കേറിയിരുന്നു. ഹ്യൂഗോ ബൗമസ്, അഹമ്മദ് ജെഹ്റു, മുര്‍തദ്ദ ഫാള്‍, മന്ദാര്‍ റാവു ദേശായി തുടങ്ങിയ പ്രധാന താരങ്ങളെയാണ് മുംബൈ സിറ്റി റാഞ്ചിയത്. ഇതില്‍ ബൗമസെല്ലാം ഗോവന്‍ ടീമിന്റെ സമ്മതം പോലും വാങ്ങാതെയാണ് താന്‍ ക്ലബ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് സ്പാനിഷ് താരത്തിനായി ക്ലബുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന ബലേറസില്‍ നിന്നാണ് മെന്‍ഡോസയെ എഫ്സി ഗോവ ടീമിലെത്തിച്ചിരിക്കുന്നത്. ബലോറസില്‍ കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങള്‍ കളിച്ച മെന്‍ഡോസ എട്ട് ഗോളും സ്വന്തമാക്കിയിരുന്നു.

2018 സീസണിലാണ് മെന്‍ഡോസ സ്പാനിഷ് വമ്പന്‍മാരായ അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമില്‍ കളിച്ചത്. 19 മത്സരങ്ങള്‍ അത്ലറ്റിക്കോയ്ക്കായി ബൂട്ടണിഞ്ഞ മെന്‍ഡോസ മൂന്ന് ഗോളും സ്വന്തമാക്കിയിരുന്നു. അത്ലറ്റിക്കോയെ കൂടാതെ നിരവധി സ്പാനിഷ് ക്ലബുകളില്‍ ഇതിനോടകം കളിച്ചിട്ടുളള താരമാണ് മെന്‍ഡോസ.