അത്‌ലറ്റിക്കോ താരത്തെ റാഞ്ചി, മുംബൈയ്ക്ക് തിരിച്ചടി നല്‍കി ഗോവ

Image 3
FootballISL

സ്പാനിഷ് വിംഗര്‍ ജോര്‍ജെ ഓര്‍ത്തിസ് മെന്‍ഡോസയെ സ്വന്തമാക്കി എഫ്‌സി ഗോവ, 28 കാരനായ മെന്‍ഡോസയുമായി എഫ്‌സി ഗോവ കരാര്‍ ഒപ്പിട്ട് കഴിഞ്ഞതായി പ്രമുഖ കായിക മാധ്യമമായ ഖേല്‍ നൗ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പാനിഷ് വമ്പന്‍മാരായ അതലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമില്‍ പന്ത് തട്ടിയിട്ടുളള താരമാണ് മെന്‍ഡോസ.

സ്പാനിഷ് സെഗുണ്ട ബി ഡിവിഷനില്‍ കളിക്കുന്ന ബലേറസില്‍ നിന്നാണ് മെന്‍ഡോസയെ എഫ്‌സി ഗോവ ടീമിലെത്തിച്ചിരിക്കുന്നത്. ബലോറസില്‍ കഴിഞ്ഞ സീസണില്‍ 20 മത്സരങ്ങള്‍ കളിച്ച മെന്‍ഡോസ എട്ട് ഗോളും സ്വന്തമാക്കിയിരുന്നു.

2018 സീസണിലാണ് മെന്‍ഡോസ സ്പാനിഷ് വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ബി ടീമില്‍ കളിച്ചത്. 19 മത്സരങ്ങള്‍ അത്‌ലറ്റിക്കോയ്ക്കായി ബൂട്ടണിഞ്ഞ മെന്‍ഡോസ മൂന്ന് ഗോളും സ്വന്തമാക്കിയിരുന്നു. അത്‌ലറ്റിക്കോയെ കൂടാതെ നിരവധി സ്പാനിഷ് ക്ലബുകളില്‍ ഇതിനോടകം കളിച്ചിട്ടുളള താരമാണ് മെന്‍ഡോസ.

നേരത്തെ മെന്‍ഡോസയ്ക്കായി ഗോവയുടെ ബദ്ധവൈരികളായ മുംബൈ സിറ്റി എഫ്‌സി ശ്രമിച്ചിരുന്നു. എന്നാല്‍ എഫ്‌സി ഗോവ തിരഞ്ഞെടുക്കാനാണ് മെന്‍ഡോസ താല്‍പര്യം പ്രകടിപ്പിച്ചത്. ഗോവയുടെ മുന്നേറ്റ നിരയില്‍ ഏറെ മുതല്‍ കൂട്ടാകും മെന്‍ഡോസയുടെ വരവെന്നാണ് വിലയിരുത്തപ്പെടുന്നത്.

നേരത്തെ എഫ്‌സി ഗോവയില്‍ നിന്ന് നിരവധി താരങ്ങള്‍ മുംബൈ സിറ്റിയിലേക്ക് ചേക്കേറിയിരുന്നു. ഹ്യൂഗോ ബൗമസ്, അഹമ്മദ് ജെഹ്‌റു, മുര്‍തദ്ദ ഫാള്‍, മന്ദാര്‍ റാവു ദേശായി തുടങ്ങിയ പ്രധാന താരങ്ങളെയാണ് മുംബൈ സിറ്റി റാഞ്ചിയത്. ഗോവയുടെ പഴയ പരിശീലകന്‍ സെര്‍ജിയോ ലൊബേര മുംബൈ സിറ്റി പരിശീലന സ്ഥാനം ഏറ്റെടുത്തതോടെയാണ് ഗോവ-മുംബൈ പോരാട്ടം മറനീക്കി പുറത്ത് വന്നത്.