വിലപിച്ച് ബഗാന്‍, ഈസ്റ്റ് ബംഗാളിന് ബദ്ധവൈരികള്‍ക്ക് മേലുളള വന്‍ വിജയം

ഐഎസ്എല്ലിലേക്കുളള ഔദ്യോഗിക പ്രവേശത്തിന് ഇനി ഒരു പ്രഖ്യാപനത്തിന്റെ മാത്രം അകലെയുളള കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് ഇത് വലിയ മേധാവിത്വം ആണ് നല്‍കുന്നത്. ബദ്ധവൈരികളായ മോഹന്‍ ബഗാനെതിരെ കളിക്കളത്തിന് പുറത്ത് ഈസ്റ്റ് ബംഗാള്‍ നേടിയ വലിയ വിജയമായിട്ടാണ് ആരാധകര്‍ ഐഎസ്എല്‍ പ്രവേശനത്തെ വിലയിരുത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ലബായ മോഹന്‍ ബഗാന്‍ ഐഎസ്എല്‍ പ്രവേശനത്തിന് എടികെയുമായി ലയിച്ചത് ഇനിയും അവരുടെ കടുത്ത ആരാധകര്‍ക്ക് ഉള്‍കൊള്ളാനായിട്ടില്ല. ക്ലബിന്റെ പാരമ്പര്യവും പൈതൃകവും എല്ലാം അടിയറവ് വെച്ചാണ് മോഹന്‍ ബഗാന്‍ എടികെയില്‍ ലയിച്ചതെന്ന് ആരാധകര്‍ക്ക് വിലയിരുത്തുന്നു.

അതിന് പിന്നാലെയാണ് തങ്ങളുടെ ബദ്ധശത്രുക്കളായ ഈസ്റ്റ് ബംഗാള്‍ അതേ പൈതൃകവും പാരമ്പര്യവും എല്ലാം നിലനിര്‍ത്തി തന്നെ ഒറ്റക്ക് ഐഎസ്എല്‍ പ്രവേശനം സ്വന്തമാക്കിയിരിക്കുന്നത്. ഇത് മോഹന്‍ ബഗാന്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്നതിന് തുല്യമാണ്.

മാത്രമല്ല ശ്രീ സിമന്റിനെ പോലുളള ബഹുരാഷ്ട്ര സിമന്റ് കമ്പനിയെ തന്നെ ഇന്‍വെസ്റ്ററായി കൊണ്ട് വരാനും ഈസ്റ്റ് ബംഗാളിനായി. ബംഗാല്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ സഹായത്തോടെയാണ് ശ്രീ സിമന്റ്‌സിനെ ഈസ്റ്റ് ബംഗാള്‍ ഇന്‍വെസ്റ്ററാക്കിയത്. ഇതോടെ സാമ്പത്തികമായും ഈസ്റ്റ് ബംഗാള്‍ നേരിടുന്ന പ്രതിസന്ധിയ്ക്ക് വലിയ അളവോളം പരിഹാരവുമായി.

ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ച് ക്ലബ് രൂപീകൃതമായ 100ാം വര്‍ഷത്തില്‍ ആരാധകര്‍ കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് ഐഎസ്എല്‍ പ്രവേശനം. ഇനി മികച്ച ടീമിനെ അണിനിരത്തി ലീഗില്‍ നല്ല കളി കെട്ടഴിക്കാന്‍ കൂടി ആയാല്‍ ഇന്ത്യയിലെ തന്നെ പ്രധാന ക്ലബായി ഈസ്റ്റ് ബംഗാള്‍ മാറും.

എന്നാല്‍ എത്ര നല്ല കളി പുറത്തെടുത്താലും മോഹന്‍ ബഗാനാകട്ടെ വര്‍ഷങ്ങള്‍ കൊണ്ട് സമ്പാധിച്ച ലെഗസിയും പൈതൃകവുമെല്ലാം താരമേന്യേ പുതിയ ക്ലബ് മാത്രമായ എടികെയ്ക്ക് മുന്നില്‍ അടിയറവ് വെക്കേണ്ടി വരും. ഇത് മോഹന്‍ ബഗാന്‍ ആരാധകര്‍ക്ക് ഉള്‍കൊള്ളാനാകുന്ന കാര്യമല്ല. കൂടെ ഈസ്റ്റ് ബംഗാളിന്റെ ആരാധകരുടെ പരിഹാസങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന് മോഹന്‍ ബഗാന്‍ ആരാധകര്‍ക്ക് ഒരു ഉത്തരമില്ല.

You Might Also Like