ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഉള്‍പ്പെടുത്താന്‍ ഫുട്‌ബോള്‍ താരങ്ങളുടെ സമ്മര്‍ദ്ദം

Image 3
FootballISL

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഈ സീസണില്‍ ഈസ്റ്റ് ബംഗാളിനെ കൂടി ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഫുട്‌ബോള്‍ താരങ്ങളുടെ സംഘന. ഇക്കാര്യം ആവശ്യപ്പെട്ട് ഐഎസ്എല്‍ സംഘാടകര്‍ക്കും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും താരങ്ങളുടെ സംഘടനയായ ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷന്‍ കത്തുനല്‍കി.

എന്നാല്‍ താരസംഘടനയുടെ ആവശ്യം ഐഎസ്എല്‍ സംഘടകരായ എഫ്എസ്ഡിഎല്‍ അംഗീകരിക്കാനിടയില്ല. നവംബറില്‍ 10 പേരുമായി ഇപ്രാവശ്യത്തെ ഐഎസ്എല്‍ നടത്താനുളള മുന്നൊരുക്കത്തിലാണ് അവര്‍. ആരാധകരെ സംതൃപ്തിപ്പെടുത്താനുളള ഈസ്റ്റ് ബംഗാളിന്റെ നീക്കം മാത്രമാണിതെന്നാണ് സംഘാടകരുടെ വിലയിരുത്തല്‍.

ഈസ്റ്റ് ബംഗാളിനെ ഒരു നിലക്കും ഇപ്രാവശ്യത്തെ ഐഎസ്എല്ലില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും നിലപാടടുത്തതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരാഴ്ച്ച മുമ്പാണ് ഐഎസ്എല്ലില്‍ ഇത്തവണ 10 ടീമുകള്‍ മാത്രം മതിയെന്ന് ഐഎസ്എല്‍ സംഘാടകരും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും തീരുമാനിച്ചത്. കാവിഡ് 19 സംഹാര താണ്ഡവമാടുന്ന പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ നിന്നും ഐഎസ്എല്ലില്‍ ടീമുകള്‍ കൂട്ടുന്നതില്‍ നിന്നുമെല്ലാം ഫെഡറേഷന്‍ പിന്മാറുന്നത്.

കൊല്‍ക്കത്തന്‍ വമ്പന്‍മാരായ ഈസ്റ്റ് ബംഗാളിന് ഏറെ തിരിച്ചടിയാകുന്ന നീക്കമാണ് എഐഎഫ്എഫ് നടത്തുന്നത്. ഐഎസ്എല്‍ പ്രവേശനം മുന്‍നിര്‍ത്തി വലിയ ഒരുക്കങ്ങളാണ് ഈസ്റ്റ് ബംഗാള്‍ നടത്തിയത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത് വരെയുളള നീക്കങ്ങള്‍ ഈസ്റ്റ് ബംഗാള്‍ നടത്തിയിരുന്നു. ഇതെല്ലാം വൃഥാവിലാകുമെന്നാണ് സൂചന. ഇതോടെ ഈസ്റ്റ് ബംഗാളിന് അടുത്ത സീസണിലും ഐലീഗില്‍ കളിയ്ക്കേണ്ടി വരും.