ഹോട്ട് ഡ്രോപ്പായി ഇന്ത്യന്‍ ക്ലബുകള്‍, അസാധ്യമായത് സംഭവിക്കുന്നു, എ ലീഗില്‍ നിന്നെത്തിയത് 13 പേര്‍

ആറ് വര്‍ഷം മാത്രം പ്രായമുളള ഒരു ലീഗിന് സങ്കല്‍പിക്കാന്‍ ആകുന്നതിലും അപ്പുറമുളള കാര്യങ്ങളാണ് ഐഎസ്എല്ലിനെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച ലീഗുകളിലൊന്നായ ഓസ്ട്രേലിയന്‍ എ ലീഗിലെ മികച്ച താരങ്ങളുടെ ‘ഹോട്ട് ട്രോപ്പ്’ (പ്രിയപ്പെട്ട സ്ഥലം) ആയിട്ടാണ് ഐഎസ്എല്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. ഐഎസ്എല്‍ ഏഴാം സീസണിന്റെ ട്രാന്‍സ്ഫര്‍ വിന്‍ഡോ അടച്ചപ്പോള്‍ 13 താരങ്ങളാണ് വിവിധ ഇന്ത്യന്‍ ക്ലബുകളിലേക്ക് ഐഎസ്എല്‍ കൡക്കാന്‍ ചേക്കേറിയിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനം മൂലമുളള സാമ്പത്തിക പ്രതിസന്ധിയാണ് എ ലീഗില്‍ നിന്നും താരങ്ങള്‍ ഇന്ത്യയിലേക്ക് ഒഴുകാനുളള പ്രധാന കാരണം. കോവിഡ് മൂലം ഇതിനോടകം പതിനൊന്നോളം എ ലീഗ് ക്ലബുകള്‍ താരങ്ങളുടെ പ്രതിഫലം അടക്കം വെട്ടികുറക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. കോവിഡ് മൂലം ലീഗ് പാതിവഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

കൂടാതെ താരങ്ങള്‍ക്കിടയില്‍ സാവധാനമെങ്കിലും ഐഎസ്എല്‍ ചെലുത്തുന്ന സ്വാധീനമാണ് മറ്റൊരു ഘടകം. മുന്‍ വെല്ലിംഗടണ്‍ ഫൊണിക്സ് താരങ്ങളായ റോയ് കൃഷ്ണയും ഡേവിഡ് വില്യംസും ഐഎസ്എല്ലിലേക്ക് കൂടുമാറിയതും ഇവിടെ കഴിവ് തെളിയിച്ചതും താരങ്ങളെ ഇന്ത്യയില്‍ ഭാഗ്യപരീക്ഷണത്തിന് മുതിരാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇരുവര്‍ക്കും പൊന്നുംവിലയാണ് ഇന്ത്യന്‍ ക്ലബുകള്‍ ഇപ്പോള്‍ നല്‍കുന്നത്.

ചെന്നൈയിന്‍ എഫ്.സി ഒഴികെ ഐ.എസ്.എല്ലിലെ എല്ലാം ക്ലബുകളും ഇക്കുറി എ ലീ?ഗില്‍ നിന്ന് ഒരു താരത്തെയെങ്കിലും ടീമിലെത്തിച്ചിട്ടുണ്ട്. മൂന്ന് താരങ്ങളെ സ്വന്തമാക്കിയ ഈസ്റ്റ് ബംഗാളാണ് ഏറ്റവും അധികം എ ലീഗ് താരങ്ങളുമായി കളത്തിലിറങ്ങുന്നത്. സ്‌കോട്ട് നെവില്‍, മാറ്റി സ്റ്റെയിന്‍മാന്‍, ആരോണ്‍ ഹോളോവേ എന്നിവരാണ് ഈസ്റ്റ് ബംഗാളിലെത്തിയ എ ലീഗ് താരങ്ങള്‍.

ഒഡീഷ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും രണ്ട് താരങ്ങളെ എ ലീഗില്‍ നിന്ന് ടീമിലെത്തിച്ചു. സ്റ്റീവന്‍ ടെയ്‌ലര്‍, ജേക്കബ് ട്രാറ്റ് എന്നിവരാണ് ഒഡീഷ എഫ്‌സിയുടെ എ ലീഗ് താരങ്ങള്‍. ഗാരി ഹൂപ്പര്‍, ജോര്‍ദാന്‍ മുറെ എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയ എ ലീഗ് താരങ്ങള്‍

കൂടാതെ ജോയല്‍ ചിയാനിസെ ഹൈദരാബാദിലും ജെയിംസ് ഡോണാഷി ഗോവയിലും ഡിലന്‍ ഫോക്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിലും ബ്രാഡ് ഇന്‍മാന്‍ എ.ടി.കെയിലും ക്രിസ്റ്റ്യന്‍ ഓപ്‌സെത്ത് ബംഗളുരുവിലും ആദം ലെ ഫോന്‍ഡ്രെ മുംബൈയിലും നിക്കോളാസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് ജംഷഡ്പൂരിനായും ബൂട്ടണിയും.

You Might Also Like