കിബുവിന്റെ പ്രിയ താരത്തെ റാഞ്ചി ബംഗളൂരു എഫ്‌സി, വിദേശ സൂപ്പര്‍ താരവും ടീമില്‍

ഐഎസ്എല്‍ ഏഴാം സീസണിന് മുന്നോടിയായി രണ്ട് വിദേശ താരങ്ങളെ കൂടി ടീമിലെത്തിച്ച് ബംഗളൂരു എഫ്‌സി. ഓസീസ് ക്ലബ് അഡ്‌ലൈഡ് യുണൈറ്റഡിന്റെ നോര്‍വ്വീജിയന്‍ മുന്നേറ്റ നിര താരമായ ക്രിസ്ത്യന്‍ ഓപ്‌സെത്തും മോഹന്‍ ബഗാന്റെ സ്പാനിഷ് പ്രതിരോധ താരം ഫ്രാന്‍ ഗോണ്‍സാലസിനേയും ആണ് ബംഗളൂരു എഫ്‌സി ടീമിലെത്തിച്ചിരിക്കുന്നത്.

റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് കഴിവുറ്റ മിഡ് ഫീല്‍ഡറാണ്. 31കാരനായ സ്പാനിഷ് താരം ലാലിഗയില്‍ റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്. സെന്റര്‍ ബാക്കായും ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും കളിക്കാന്‍ കഴിവുള്ള താരമാണ് ഫ്രാന്‍ ഗോണ്‍സാലസ്. എന്നാല്‍ ബഗാനില്‍ അറ്റാക്കിംഗ് മിഡായായിരുന്നു ഗോണ്‍സാലസ് കളിച്ചത്.

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയുടെ പ്രിയ താരമായിരുന്നു ഫ്രാന്‍ ഗോണ്‍സാലസ്. കിബുവിന് കീഴില്‍ മോഹന്‍ ബഗാനെ ഐലീഗ് കിരീടത്തിലെത്തിക്കുന്നതില്‍ സ്പാനിഷ് താരം നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. എന്നാല്‍ ഫ്രാനെ നിലനിര്‍ത്താന്‍ മോഹന്‍ ബഗാന്‍ തയ്യാറായില്ല. ഇതോടെ ക്ലബിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിപ്പുമായി താരം രംഗത്തെത്തിയിരുന്നു. നേരത്തെ ബ്ലാസ്റ്റേഴ്‌സിലേക്ക് ഫ്രാന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ക്രിസ്ത്യന്‍ ഒപ്‌സെത്ത് ആകട്ടെ അഡ്‌ലൈഡ് യുണൈറ്റഡായി കരാര്‍ അവസാനിച്ച ശേഷമാണ് ബംഗളൂരുമായി കരാര്‍ ഒപ്പിടുന്നത്. കഴിഞ്ഞ സീസണില്‍ എ ലീഗില്‍ 21 മത്സരം കളിച്ച ഒപ്‌സെത്ത് ആറ് ഗോളും നേടിയിരുന്നു, 30കാരനായ താരം തുര്‍ക്കിഷ് ഫസ്റ്റ് ഡിവിഷന്‍ ക്ലബ് ബിബി എര്‍സുറുംപുറില്‍ നിന്നാണ് കഴിഞ്ഞ വര്‍ഷം അഡ്‌ലൈഡിലെത്തിയത്.

ഗോളടിക്കാന്‍ മിടുക്കനായ ഈ മുന്നേറ്റനിര താരം നിരവധി നോര്‍വ്വെ ക്ലബുകള്‍ക്കായും പന്ത് തട്ടിയിട്ടുണ്ട്. കരിയറിന്റെ തുടക്കത്തില്‍ നോര്‍വ്വ ക്ലബ് ഫെര്‍ദേക്കായി 40 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകളാണ് താരം സ്വന്തമാക്കിയത്.

You Might Also Like