പലകാര്യത്തിലും ഐഎസ്എല്ലിനേക്കാള്‍ മെച്ചം ഐലീഗ്, തുറന്നടിച്ച് ഷറ്റോരി

ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ലീഗ് ഏതെന്ന് ചോദിച്ചാല്‍ കൂടുതല്‍ പേരും പറയുക ഇന്ത്യന്‍ സൂപ്പര്‍ ലീഗാണ് എന്നയിരിക്കും. അത് ഒരുപക്ഷെ ഏറെ കുറെ ശരിയുമാണ്. പണക്കൊഴുപ്പും മികച്ച താരങ്ങളും അടിസ്ഥാന സൗകര്യങ്ങളുമെല്ലാത്തിനും മുമ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് തന്നെയാണ്.

ഇന്ത്യയില്‍ എല്ലാ മേഖലയിലുമെന്നത് പോലെ തന്നെ അമ്പാനിയുടെ നേതൃത്വത്തിലുളള സംഘം ഇന്ത്യയുടെ സ്വന്തം ലീഗായ ഐലീഗിനെ മറികടന്നാണ് ഐഎസ്എല്ലിനെ ഹിറ്റാക്കിയത്. എന്നാല്‍ പൈതൃകത്തിലും പാരമ്പര്യത്തിലും മികച്ച കളികളിലുമെല്ലാം ഇപ്പോഴും ഐഎസ്എല്ലിന് ഒപ്പമോ അതിന് മുകളിലോ തന്നെയാണ് ഇന്ത്യയുടെ ഒഫീഷ്യല്‍ ലീഗായ ഐലീഗിന്റെ സ്ഥാനം.

മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകരന്‍ എല്‍ക്കോ ഷറ്റോരിയ്ക്കും ഇതേ അഭിപ്രായമാണുളളത്. ഐഎസ്എല്‍ മെച്ചപ്പെടണമെങ്കില്‍ കൂടുതല്‍ മത്സരങ്ങള്‍ ആവശ്യമുണ്ടെന്നാണ് രണ്ട് ലീഗിനേയം പരിശീലിപ്പിച്ചിട്ടുളള എല്‍ക്കോയുടെ അഭിപ്രായം. ഖേല്‍ നൗവിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഐ-ലീഗും ഐ.എസ്.എല്ലും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ മത്സരങ്ങളുടെ എണ്ണമാണ്, ഞാന്‍ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്നപ്പോള്‍ ഐ-ലീഗും കൊല്‍ക്കത്ത ലീഗുമൊക്കെ അടക്കം സീസണില്‍ 40 മത്സരങ്ങളോളം ക്ലബ് കളിച്ചിരുന്നു. ഇതിലൂടെ പ്രാദേശിക ഇന്ത്യന്‍ താരങ്ങള്‍ക്ക് പുരോഗതി നേടാന്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും, ഇക്കാര്യത്തില്‍ ഐ-ലീഗാണ് ഐ.എസ്.എല്ലിനേക്കാള്‍ മെച്ചം. ഐ.എസ്.എല്ലിലും മത്സരങ്ങളുടെ എണ്ണം കൂട്ടണം, ഷറ്റോരി പറഞ്ഞു.

അതേസമയം തന്നെ രാജ്യത്തെ ഫുട്‌ബോള്‍ പുരോഗതിക്ക് ഐ-ലീ?ഗ് വളരെ പ്രധാനമാണെന്നും മുന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ വ്യക്തമാക്കി.

ഫുട്‌ബോള്‍ മത്സരത്തില്‍ അഞ്ച് പകരക്കാരെ ഇറക്കണം എന്ന അഭിപ്രായവും ഷറ്റോരി പങ്കുവെച്ചു. കൂടുതല്‍ പകരക്കാരെ ഇറക്കാനായാല്‍ അതുവഴി യുവ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസരം കൂടുതല്‍ ലഭിക്കും, മാത്രവുമല്ല കളിക്കാരെ പരുക്കേല്‍ക്കുന്നതില്‍ നിന്ന് സംരക്ഷികാനും ഒരു പരിധി വരെ സാധിക്കുംമെന്നും ഷറ്റോരി കൂട്ടിച്ചേര്‍ത്തു.

You Might Also Like