സിറ്റി ഗ്രൂപ്പും ലൊബേരയും ഒരുപോലെ ഞെട്ടി, ഹൈലാന്‍ഡുകാര്‍ ഇങ്ങനെയൊരു തുടക്കം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചില്ല

Image 3
FootballISL

കടലാസില്‍ പുലികളായിരുന്നു സെര്‍ജിയോ ലൊബേരയുടെ മുംബൈ സിറ്റി എഫ്‌സി. വലിയ പണം മുടക്കി ഉടമകളായ സാക്ഷാല്‍ സിറ്റി ഗ്രൂപ്പിന്റെ എല്ലാവിധ ഹാവഭാവങ്ങളോടെയും ഐഎസ്എല്ലില്‍ ഇറങ്ങിയ മുംബൈ സിറ്റിയ്ക്ക് കേവലം കുഞ്ഞന്‍മാരായി മാത്രം കണക്കാക്കിയ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ നിന്ന് ലഭിച്ചത് മുഖത്ത് കനത്ത അടിയാണ്.

ഗോവയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍ത്ത് ഈസ്റ്റ് ജയം ആഘോഷിച്ചത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു ക്വസി അപിയയുടെ വിജയഗോള്‍ പിറന്നത്. അതിശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായി ഇറങ്ങിയ മുംബൈക്ക് രണ്ടാംപകുതിയിലെ ആദ്യ മിനുറ്റുകളില്‍ പെനാല്‍റ്റി വഴങ്ങിയതാണ് തിരിച്ചടിയായത്. ചുവപ്പ് കാര്‍ഡും മത്സരം നാടകീയമാക്കി.

ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തില്‍ ശക്തമായ സ്റ്റാര്‍ട്ടിംഗ് ഇലവനുമായാണ് ഇറങ്ങിയത്. സീസണില്‍ ക്ലബിലെത്തിയ ബാര്‍ത്തലോമിയോ ഒഗ്ബചേ, ഹ്യൂഗോ ബൗമസ്, ആഡം ലെ ഫ്രോണ്ടെ, എന്നീ വമ്പന്‍മാര്‍ സെര്‍ജിയോ ലൊബേറയുടെ മുംബൈ സിറ്റിക്കായി അരങ്ങേറി. ലൂയിസ് മച്ചാഡോ, ബെഞ്ചമിന്‍ ലെംബോട്ട്, ക്വസി അപിയ എന്നിവര്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്റ്റാര്‍ട്ടിംഗ് ഇലവനിലെത്തി.

ശക്തരെ ഇറക്കി ടീം ഉടച്ചുവാര്‍ത്തതിന്റെ കരുത്ത കാട്ടി ആദ്യ പകുതിയില്‍ മുംബൈ സിറ്റിയെങ്കിലും ഗോള്‍ പിറന്നില്ല. കൂടുതല്‍ സമയം പന്ത് കാല്‍ക്കല്‍ വച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും മുംബൈയാണ്. 45 മിനുറ്റ് പൂര്‍ത്തിയാകുമ്പോള്‍ മുംബൈ അഞ്ച് ഷോട്ടുകള്‍ തൊടുത്തെങ്കില്‍ നോര്‍ത്ത് ഈസ്റ്റ് അക്കൗണ്ടില്‍ പൂജ്യം മാത്രമായിരുന്നു. അതേസമയം ഒരു ഷോട്ടുപോലും ടാര്‍ഗറ്റിലേക്ക് എത്തിയുമില്ല.

മൈതാന മധ്യത്ത് ഖാസാ കമാരയെ അപകടകരമായി ടാക്കിള്‍ ചെയ്തതിന് 43-ാം മിനുറ്റില്‍ അഹമ്മദ് ജാഹൂ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ രണ്ടാം പകുതിയില്‍ 10 പേരുമായാണ് മുംബൈ സിറ്റി കളിച്ചത്.

രണ്ടാംപകുതിയിലുടെ ആദ്യ മിനുറ്റുകളില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം മാറ്റിമറിക്കുകയായിരുന്നു. മക്കാഡോയുടെ ക്രോസില്‍ ഫോക്സിന്റെ ഹെഡര്‍ ബോര്‍ജസ് കൈകൊണ്ട് തട്ടിയതോടെ റഫറി പെനാല്‍റ്റി അനുവദിച്ചു. കിക്കെടുത്ത ഘാന താരം ക്വസി അപിയ അനായാസം പന്ത് വലയിലാക്കി. സമനില ഗോളിനായി മുംബൈ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആറ് മിനുറ്റ് ഇഞ്ചുറിടൈമും ഗുണം ചെയ്തില്ല. ആകെ ഏഴ് ഷോട്ട് ഉതിര്‍ത്തിട്ടും ഒന്ന് പോലും ലക്ഷ്യത്തിലേക്ക് പായിക്കാന്‍ മുംബൈക്കായില്ല.